Flash News

വലയിലായതു പരല്‍മീനുകള്‍ ; വിതരണം ചെയ്തത് കോടികളുടെ കള്ളനോട്ട്



ടി എസ് നിസാമുദ്ദീന്‍

നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന മാഫിയ ഇതുവരെ വിതരണം ചെയ്തത് കോടികളുടെ കള്ളനോട്ടെന്ന് അന്വേഷണസംഘം. അതേസമയം, പിടിയിലായിരിക്കുന്നത് പരല്‍മീനുകള്‍ മാത്രമാണുതാനും. പിടിയിലായ കള്ളനോട്ടു മാഫിയ സംഘത്തില്‍ ഐടി വിദഗ്ധര്‍ മുതല്‍ ഉദേ്യാഗാര്‍ഥികള്‍ വരെയാണുള്ളത്. ചിത്രകാരനായ നെടുങ്കണ്ടം സ്വദേശി സുനില്‍കുമാറാണ് സൂത്രധാരന്‍. ഒരുലക്ഷം രൂപയുടെ വ്യാജനോട്ടിനു 15,000 രൂപയാണ് ചെലവ്. പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നില്‍ രവീന്ദ്രന്റെ വീട്ടിലേക്ക് നെടുങ്കണ്ടം മൈനര്‍സിറ്റി കിഴക്കേതില്‍ വീട്ടില്‍ സുനില്‍കുമാറി(രമേശ്-39)ന്റെ കാറില്‍ പണവുമായെത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സംഘം വലയിലായത്. വാഹനത്തില്‍ നിന്ന് 500ന്റെ 7458 നോട്ടുകളാണ് പിടിച്ചെടുത്തത്. മൂല്യം 37,290,00 രൂപ. പോക്കറ്റിലും പേഴ്‌സില്‍ നിന്നുമായി കാല്‍ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ വേറെയും കിട്ടി. അതേസമയം, രാജുഭായിയെ തേടിയുള്ള അന്വേഷണമാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനി അന്‍പുസെല്‍വത്തിലേക്ക് പോലിസിനെ എത്തിച്ചത്. മധുരയില്‍ രാജുഭായിയെ തേടിയെത്തിയ പോലിസ് മൂന്നുദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജുഭായിയും അന്‍പുസെല്‍വവും ഒന്നാണെന്നു മനസ്സിലാക്കിയത്. വണ്ടിപ്പെരിയാറില്‍ പിടിയിലായ ജോജോ ആണ് അന്‍പുസെല്‍വത്തെക്കുറിച്ച് പോലിസിന് വിവരം നല്‍കിയത്. ബംഗളൂരു കേന്ദ്രീകരിച്ച് നോട്ട് അച്ചടിക്കുന്ന ചുമതല സുനില്‍കുമാറിനും രവീന്ദ്രനുമാണ്. മധുരയില്‍ എത്തിച്ച് ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുക എന്ന ദൗത്യമായിരുന്നു രാജുഭായിക്ക്. ഫൈസു സംഘത്തിലെ ഗുണ്ടയാണ്. രണ്ടുകോടി രൂപ വേണമെന്ന ആവശ്യം ഇന്‍ഫോര്‍മേഴ്‌സ് മുഖേന രാജുഭായിയില്‍ എത്തിച്ചാണ് കുടുക്കിയതെങ്കിലും പലതവണയാണ് രാജുഭായ് കേരള പോലിസിനെ തമിഴ്‌നാട്ടില്‍ വട്ടംചുറ്റിച്ചത്. കേസിന്റെ തുടര്‍ അന്വേഷണത്തില്‍ രാഷ്ട്രീയപ്രമുഖര്‍ അടക്കം കുടുങ്ങുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it