വലത്തുനിന്ന് ഇടത്തോട്ടു ചാഞ്ഞ് മങ്കട

മുജീബ് പുള്ളിച്ചോല

മലപ്പുറം: ഇടത്തോട്ടും വലത്തോട്ടും മങ്കട ചാഞ്ഞു കിടന്നിട്ടുണ്ട്. പക്ഷേ, കൂടുതല്‍ തവണ ചാഞ്ഞുകിടന്നതു വലതു പക്ഷത്തേക്കാണെന്നു മാത്രം. മുസ്്‌ലിംലീഗ് ബെല്‍റ്റിലൂടെ വലതുപക്ഷ മണ്ഡലം എന്നു വിലയിരുത്താമെങ്കിലും ഇടതിന് കുറച്ച് കടുപ്പം കൂടിയ വളക്കൂറുള്ള മണ്ഡലമായിട്ടാണു മങ്കടയുടെ നില്‍പ്പ്. 1967ല്‍ സി എച്ച് മുഹമ്മദ്‌കോയക്ക് വന്‍ ഭൂരിപക്ഷം നേടിക്കൊടുത്ത മണ്ഡലത്തിനു പക്ഷേ, 2006ലെ തിരഞ്ഞെടുപ്പില്‍ സിഎച്ചിന്റെ മകന്‍ എം കെ മുനീറിനെ പരാജയപ്പെടുത്തിയ ചരിത്രംകൂടി പറയാനുണ്ട്. മണ്ഡലം നിലവില്‍വന്ന 1957ല്‍ മുഹമ്മദ് കോഡൂര്‍ വലിയപീടികക്കല്‍ എന്ന സ്വതന്ത്രനാണ് ആദ്യമായി ഇവിടെ നിന്നും നിയമസഭാ ടിക്കറ്റെടുത്തത്. ഒരു തവണ സിപിഎം ടിക്കറ്റില്‍ പാലോളി മുഹമ്മദ് കുട്ടിയും രണ്ടു തവണ ഇടതു സ്വതന്ത്രനായി മഞ്ഞളാംകുഴി അലിയും ഒഴിച്ചുനിര്‍ത്തിയാല്‍ പത്തുതവണയും മുസ്്‌ലിംലീഗിനെ പ്രതിനിധീകരിച്ച മണ്ഡലമാണ് മങ്കട. പത്തില്‍ അഞ്ചു തവണയും മുസ്്‌ലിംലീഗിന്റെ ഇപ്പോഴത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ആറാം ഊഴത്തിന് ഇറങ്ങിയ മജീദിനെ ഇടതു സ്വതന്ത്രനായി രംഗത്തെത്തിയ മഞ്ഞളാംകുഴി അലി പരാജയപ്പെടുത്തി മണ്ഡലം കൈക്കലാക്കി. അത് 2001ല്‍. 2006ല്‍ ലീഗിന്റെ ഗ്ലാമര്‍ താരം എം കെ മുനീറിനെ തറപറ്റിച്ച് അലി ആധിപത്യം അരക്കിട്ടുറപ്പിച്ചു. പിന്നീട് അലി ലീഗിലെത്തി. 2011ല്‍ അലി പെരിന്തല്‍മണ്ണയിലേക്ക് കൂടുമാറി. ലീഗിനുവേണ്ടി മങ്കടയിലേക്ക് ടി എ അഹമ്മദ് കബീറിനെ എറണാകുളത്തുനിന്നും ഇറക്കുമതി ചെയ്തു. 23,461 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ ഖദീജ സത്താറിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. ഈ നിയമസഭാപോരില്‍ അങ്കക്കളത്തില്‍ ലീഗിനു വേണ്ടി അഹമ്മദ് കബീര്‍തന്നെ കളത്തിലിറങ്ങുന്നു. ഇടതിനുവേണ്ടി നിലവിലെ ജില്ലാപഞ്ചായത്ത് അംഗം സിപിഎമ്മിലെ അഡ്വ. ടി കെ റഷീദലി എതിരില്‍ തേര് തെളിയിക്കുന്നു. വികസന നായകന്‍ എന്ന രീതിയില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ അഹമ്മദ് കബീറിനെ പരിചയപ്പെടുത്തുമ്പോള്‍ നാട്ടുകാരില്‍ ഒരാള്‍ എന്ന രീതിയിലാണു റഷീദലിയെ ഇടത് പരിചയപ്പെടുത്തുന്നത്. അഥവാ ഇറക്കുമതിക്കെതിരെ നാട്ടുകാരന്‍ എന്ന പ്രചാരണ തന്ത്രം. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായും മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗമായും റഷീദലി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലതിനോട് ചേര്‍ന്നാണ് മണ്ഡലം സഞ്ചരിക്കുന്നതെങ്കിലും കഴിഞ്ഞ തദ്ദേശ പോരില്‍ കാറ്റ് ഇടതിന് അനുകൂലമായാണ് വീശിയത്. ഈ ആത്മവിശ്വാസത്തിലാണ് ഇടത് ക്യാംപ്. ജില്ലയില്‍ കനത്ത പോര് നടക്കുന്ന മണ്ഡലമായിട്ടാണ് മങ്കടയെ വിലയിരുത്തുന്നതും. പതിനെട്ടടവും പയറ്റിയുള്ള പ്രചാരണമാണു മണ്ഡലത്തില്‍ ഇരുമുന്നണികളും പയറ്റുന്നതും. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കൂട്ടിലങ്ങാടി, കടുങ്ങൂത്ത് സ്വദേശിയും പ്രമുഖ അഭിഭാഷകനുമായ എ എ റഹീമാണ് മല്‍സരിക്കുന്നത്. കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, മഅ്ദനി നിയമ സഹായസമിതി അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി, ആക്‌സസ് ഇന്ത്യ സംസ്ഥാന ട്രെയ്‌നര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റഹീം മികച്ച പ്രാസംഗികനും തൊഴിലാളി നേതാവുമാണ്. ബി രതീഷ് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. വെല്‍ഫയര്‍പാര്‍ട്ടിക്ക് ജില്ലയില്‍ സ്വാധീനമുള്ള മണ്ഡലമായിട്ടാണു മങ്കടയെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലംതന്നെ ഇവിടെ മല്‍സരിക്കാനെത്തിയതും. കഴിഞ്ഞ തവണ ഇടതിന് പോള്‍ചെയ്ത ഈ വോട്ടുകള്‍ ഇപ്രാവശ്യം സ്വന്തം സ്ഥാനാര്‍ഥിക്ക് പോള്‍ ചെയ്യുമ്പോള്‍ അത് യുഡിഎഫിന് അനുകൂലമാവുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it