palakkad local

വര്‍ഷങ്ങളായി തുടരുന്ന പരാധീനതകളില്‍ വീര്‍പ്പുമുട്ടി കൊടുവായൂര്‍ നഗരം

പുതുനഗരം: ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊടുവായൂര്‍ പട്ടണത്തിന് കാലങ്ങളായി പരാധീനതകള്‍മാത്രം. കുപ്പിക്കഴുത്തില്‍ വീര്‍പ്പുമുട്ടുന്ന കവലയില്‍ പ്രവര്‍ത്തനരഹിതമായ സിഗ്നലുകള്‍ ഗതാഗതക്കുരുക്കിന് കാരണമാവുന്നു. പാലക്കാട് കുനിശ്ശേരി, പുതുനഗരം, റോഡുകള്‍ സംഗമിക്കുന്ന കൊടുവായൂര്‍ ജങ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല. കാലങ്ങളായി യാത്രക്കാര്‍ വെയിലും മഴയും കൊണ്ടുവേണം ബസ് കാത്തിരിക്കാന്‍. കടകളില്‍ അഭയം തേടുന്ന യാത്രക്കാര്‍ ബസ് വരുമ്പോള്‍ ഓടിയടുക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. കവലയില്‍ പോലിസിന്റെ സേവനമില്ലാത്തും കൃത്യമായ ബസ് സ്റ്റോപ്പില്ലാത്തതിനാലും ബസുകള്‍ തോന്നുന്നിടത്തു നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. തുണി വ്യാപാരത്തിന് പേരുകേട്ട കൊടുവായൂര്‍ നിരവധി നൈറ്റി മൊത്തക്കച്ചവടക്കാരാണുള്ളത്. ഇതിനു പുറമെ പച്ചക്കറി മാര്‍ക്കറ്റും കൊഴിയുടെയും മൊത്തക്കച്ചവടക്കാരും കൊടുവായൂരിലുള്ളതിനാല്‍ ദിനം പ്രതി നൂറുക്കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആളുകളും രാപകലന്യേ വന്നു പോവുന്നത്. യാത്രക്കാര്‍ക്കോ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. പുരഷന്മാര്‍ ശങ്കയകറ്റാന്‍ സമീപത്തെ ഒരു പള്ളിയെ ആശ്രയിക്കുമ്പോള്‍ സ്ത്രീകളുടെ സ്ഥിതി ദയനീയമാണ്. പൊള്ളാച്ചി, കോയമ്പത്തൂര്‍ അടക്കം അന്തര്‍ സംസ്ഥാന റൂട്ടില്‍ നിരവധി ബസുകളാണ് കൊടുവായൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. സീസണയായാല്‍ മറ്റുള്ള ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൊടുവായൂരിലേക്ക് വ്യാപാരാവശ്യത്തിന് മറ്റുമായി എത്തുന്നതോടെ നഗരത്തില്‍ തിരക്കു രൂക്ഷമാവുന്നുണ്ട്.  ഇത്രയുമേറെ വ്യാപാര സ്ഥാപനങ്ങളുള്ള നഗരത്തില്‍ മതിയായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനമോ അഴുക്കുചാലുകളുകളോ ഇല്ലാത്തതും നഗരത്തിലെ വ്യാപാരികളെ ദുരിതത്തിലാക്കുന്നു. ജങ്ഷനില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രവും പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള ശൗചാലയങ്ങളും നിര്‍മ്മിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരമായ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it