വര്‍ഷകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു ബഹളത്തോടെ തുടക്കം. രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിന്റെ പേരില്‍ ശശി തരൂരിനു നേര്‍ക്കുണ്ടായ സംഘപരിവാര ആക്രമണങ്ങളെക്കുറിച്ചും ലോക്‌സഭയില്‍ പ്രതിപക്ഷം പരാമര്‍ശിച്ചു.
ഇന്നലെ സഭ തുടങ്ങിയയുടന്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് പാര്‍ട്ടി എംപി കൂടിയായ തരൂരിനെതിരായ വിഷയം ഉന്നയിച്ചത്. എന്നാല്‍, തരൂരിനു നേര്‍ക്കുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനു മേല്‍ കെട്ടിവയ്ക്കുകയാണ് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ ചെയ്തത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയാവശ്യപ്പെട്ട് ടിഡിപി അംഗങ്ങളുടെ പ്രതിഷേധം മഴക്കാല സമ്മേളനത്തിലും തുടര്‍ന്നു.
മനുഷ്യനെ പച്ചയായി തല്ലിക്കൊല്ലുന്നത് രാജ്യത്ത് നിത്യസംഭവമായി മാറിക്കഴിഞ്ഞുവെന്നും ഈ കിരാതമായ ആക്രമണങ്ങള്‍ നടത്തുന്ന പ്രതികളെ ബിജെപി നേതാക്കള്‍ സ്വീകരിക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നതെന്നും എം ഐ ഷാനവാസ് എംപി പറഞ്ഞു. അതേസമയം, രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം ആഞ്ഞടിച്ചു വരുന്നതിനിടെ ഇതേക്കുറിച്ചു വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ പറഞ്ഞു.
സമ്മേളനം തുടങ്ങും മുമ്പ് പാര്‍ലമെന്റിനുള്ളില്‍ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, ദേശീയ താല്‍പര്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ കാര്യപ്രസക്തമായ ചര്‍ച്ചകള്‍ നടക്കണമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായി ഇന്നലെ ഭൂമിയേറ്റെടുക്കല്‍ ബില്ലടക്കം രണ്ട് ബില്ലുകള്‍ക്ക് രാജ്യസഭ അംഗീകാരം നല്‍കി. ഭൂമിയേറ്റെടുക്കല്‍ ബില്ലിന് പുറമെ സ്റ്റേറ്റ് ബാങ്ക് ബില്ലാണ് സഭ പാസാക്കിയത്. ലോക്‌സഭയില്‍ വിദ്യാഭ്യാസ അവകാശ (രണ്ടാം ഭേദഗതി) ബില്ലിനും അംഗികാരം നല്‍കി.
Next Story

RELATED STORIES

Share it