thrissur local

വര്‍ഷം മുഴുവന്‍ വരുമാനം കൊയ്ത് കര്‍ഷകര്‍ മാതൃകയാവുന്നു

കേച്ചേരി: നെല്‍കൃഷിക്കൊപ്പം വേനല്‍ക്കാല പച്ചക്കറി കൃഷിയൊരുക്കി വര്‍ഷം മുഴുവന്‍ വരുമാനം കൊയ്ത്  ഒരു പറ്റം കര്‍ഷകര്‍ മാതൃകയാകുന്നു. ചൂണ്ടല്‍ പഞ്ചായത്തിലെ ചിറനെല്ലുര്‍ പുലിച്ചക്കാട്ട് ഹരിത സംഘത്തിന്റെ നേത്യത്വത്തിലാണ് ഈ വര്‍ഷവും 23 ഏക്കറില്‍ നെല്‍കൃഷി വിളവെടുപ്പിനു ശേഷം വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം കൈവരിച്ച് ജില്ലയില്‍ മുന്നേറുന്നത്. പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച കൃഷി ലാഭകരമായതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലെത്തിയവരും കൃഷിയില്‍ കൂട്ടുചേര്‍ന്നതോടെ തരിശായി കിടന്ന കൃഷിയിടങ്ങള്‍ സജിവമായി. ചൂണ്ടല്‍ പഞ്ചായത്ത് ഭരണസമിതിയുടെയും, കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെയും സഹായങ്ങള്‍ ലഭ്യമായതോടെ കൃഷി ലാഭകരമല്ലെന്ന പുതു തലമുറയുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കാനായതായി സംഘം ഭാരവാഹികള്‍ പറഞ്ഞു.
22 കര്‍ഷകരാണ് സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റ് ഉപയോഗിച്ച് ജലസേചനമൊരുക്കും. രാസവളം അധികം ഉപയോഗിക്കാതെ ജൈവ കീടനാശിനികള്‍ ഉപയോഗിച്ചുള്ള പാരമ്പര്യ  ക്യഷിരീതിയാണ് പ്രയോഗിക്കുന്നത്. വെള്ളരി, കുമ്പളം, മത്ത,  ചീര, വിവിധയിനം പയറുകള്‍ എന്നിവയാണ് കൃഷിയിറക്കിയിരിക്കുന്നത്. കടുത്ത വേനലിനെ പ്രതിരോധിക്കാന്‍ പൊള്ളുന്ന വെയിലിനെ വകവെക്കാതെ പത്തോളം കര്‍ഷകര്‍ കൃഷിയിടത്തില്‍ സജിവമാണ്. വിഷുക്കാലമെത്തുന്നതിനു മുമ്പേ ആദ്യഘട്ടം വിളവെടുപ്പ് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരിം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം കണ്‍വീനര്‍ പി കെ പരീത് അധ്യക്ഷനായി. ഡോ. പ്രേമ മുഖ്യാതിഥിയായി. കൃഷി ഓഫിസര്‍ സുമേഷ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് എടിഎംഎ ശ്രീദേവി,ചിറനെല്ലൂര്‍ സൊസൈറ്റി പ്രസിഡന്റ് പി മാധവന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുമം മോഹന്‍ദാസ്, കോസ്റ്റ് ഫോര്‍സ് ഫെസിലിറ്റേറ്റര്‍ രാധ, പരമേശ്വരന്‍ ആയമുക്ക്, പി എം ഹനീഫ എന്നിവര്‍ സംസാരിച്ചു. വിഷുക്കാല വിപണി ലക്ഷ്യമിട്ട് കേച്ചേരി സെന്ററില്‍ വിപണി ആരംഭിക്കും.
Next Story

RELATED STORIES

Share it