ernakulam local

വര്‍ണാഭമായ റാലിയോടെ കൊച്ചിന്‍ കാര്‍ണിവല്‍ സമാപിച്ചു

മട്ടാഞ്ചേരി: ആയിരങ്ങളെ സാക്ഷി നിര്‍ത്തി വര്‍ണാഭമായ റാലിയോടെ മുപ്പത്തിനാലാമത് കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇതോടെ ഈ വര്‍ഷത്തെ പുതുവല്‍സരാഘോഷങ്ങള്‍ക്കും സമാപനം കുറിച്ചു.
ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മേല്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ തിടമ്പേറ്റിയതോടെ റാലിക്ക് തുടക്കമായി. ഫോര്‍ട്ട്‌കൊച്ചി കെ ബി ജേക്കബ് റോഡിന്റെ ഇരുവശവും ആയിരങ്ങളാണ് റാലി കാണുന്നതിനായി തടിച്ച് കൂടിയത്. റാലിയുടെ മുന്നില്‍ പോലിസിന്റെ പൈലറ്റ് വാഹനവും അതിന് പിന്നിലായി ഗജവീരനും അണി നിരന്നു. ഇതിന് പിന്നിലായി ജനപ്രതിനിധികളും സാംസ്‌കാരിക നേതാക്കളും റാലി നയിച്ചു.
പഞ്ചവാദ്യം, മയിലാട്ടം, അമ്മന്‍കുടം, പരിചമുട്ട് കളി, കരകാട്ടം, ബൊമ്മകളി, ശിങ്കാരി മേളം, ബാന്‍ഡ് സെറ്റ് എന്നിവ റാലിക്ക് കൊഴുപ്പേകി. ഫാന്‍സിഡ്രസില്‍ സ്ത്രീ വേഷധാരികളുടെ അതിപ്രസരം അരോചകമായെങ്കിലും കഥകളി, ശിവന്‍, പാര്‍വ്വതി ശിവജി, ബ്രാഹ്മണന്‍, മദാമ്മ, അറബി, ലുട്ടാപ്പി, മീന്‍കാരി, കൊള്ളക്കാരന്‍ എന്നിവ ശ്രദ്ധേയമായി. ഗ്രൂപ്പ് ഫാന്‍സിഡ്രസില്‍ തമിഴ്‌നാട് കല്യാണം, കൃഷ്ണനും പഞ്ചപാണ്ഡവരും, യുദ്ധം എന്നിവ ശ്രദ്ധേയമായി.
ഇത്തവണ കാര്യമായി നിശ്ചല ദൃശ്യങ്ങളുണ്ടായില്ലെങ്കിലും ബ്രദേഴ്‌സിന്റെ കരുത്തിന്റെ സുവര്‍ണ ഘട്ടം, എക്‌സൈസിന്റെ ലഹരിയില്‍ നിന്നുള്ള വിമുക്തി, കൂവപ്പാടം മിലേനിയം ഫ്രണ്ട്‌സിന്റെ ഘടോല്‍ക്കച വധം, തോപ്പുംപടി ആതിര ആര്‍ട്ട്‌സിന്റെ ചുണ്ടന്‍ വള്ളം, ഫിനിക്‌സ് കൊച്ചിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടം, പാണ്ടിക്കുടി കൊച്ചിന്‍ ജയകേരളയുടെ കൈലാസം, നസ്‌റത്ത് ഡ്രീം റൈഡേഴ്‌സിന്റെ ബാഹുബലി, കുമ്പളങ്ങി ഫ്രണ്ട്‌സ് കൊച്ചിയുടെ യേശുവിന്റെ ക്രൂശിത രൂപം എന്നിവ ശ്രദ്ധേയമായി.
കാണികളെ നിയന്ത്രിക്കുവാന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഡിസിപി എ ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ഗതാഗതം നിയന്ത്രിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. മേയര്‍ സൗമിനി ജയിന്‍, സബ് കലക്ടര്‍ ഇമ്പശേഖര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ബി സാബു, ഷൈനി മാത്യു, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, കെ ജെ പ്രകാശന്‍, ഷീബാ ലാല്‍, ജയന്തി പ്രേംനാഥ്, കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ ആന്റണി കുരീത്തറ, വി ഡി മജീന്ദ്രന്‍, പി ജെ ജോസി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it