kasaragod local

വര്‍ഗീയ വിദ്വേഷ പ്രസംഗം: പോലിസ് നടപടിയെടുത്തില്ല

ബദിയടുക്ക: ഹിന്ദുസമാജോ ല്‍സവത്തോടനുബന്ധിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ മധ്യപ്രദേശിലെ സാധ്വി ബാലിക സരസ്വതിക്കെതിരേ കേസെടുക്കാന്‍ പോലിസ് ഇതുവരെ തയ്യാറായില്ല. പരസ്യമായി കലാപാഹ്വാനം നടത്തിയിട്ടും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത പോലിസ് നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമുയരുന്നു. വെള്ളിയാഴ്ച ബദിയടുക്കയിലാണ് ഹിന്ദുസമാജോല്‍സവം പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകയായിരുന്ന സ്വാധി സരസ്വതി ഹിന്ദിയിലായിരുന്നു പ്രസംഗിച്ചത്.
ജിഹാദികളേയും ഗോമാതാക്കളെ കൊല്ലുന്നവരേയും കഴുത്ത് വെട്ടണമെന്നും ഭാരത് മാതാ കീ ജയ് വിളിക്കാത്തര്‍ ഇന്ത്യ വിടണമെന്നും ആക്രോശിച്ച അവര്‍ ഇന്ത്യയിലെ മുഗള്‍ ഭരണാധികാരികളെ മോശമായ ഭാഷയില്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനെതിരേ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രസംഗത്തില്‍ പ്രകോപനപരമായി യാതൊന്നും ഇല്ലെന്നാണ് പോലിസ് പറയുന്നത്. പോലിസിനെ ചവിട്ടി കൂട്ടുമെന്നും പോലിസ് നിര്‍ദ്ദേശിച്ച സമയത്തല്ല ഞങ്ങള്‍ തീരുമാനിച്ച സമയത്താണ് പരിപാടി നിര്‍ത്തുക എന്നും ആക്രോശിച്ച വിഎച്ച്പി നേതാവിനെതിരേയും നടപടിയെടുക്കാന്‍ പോലിസ് മുന്നോട്ട് വന്നിട്ടില്ല. അനുമതിയില്ലാതെ സമ്മേളനവും പ്രകടനവും നടത്തിയതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് പോലിസിന്റെ നിര്‍ദ്ദേശം അവഗണിച്ച് വിഎച്ച്പി പൊതുയോഗം സംഘടിപ്പിച്ചത്. എന്നാല്‍ ജില്ലയില്‍ മറ്റു സംഘടനകള്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരില്‍ പോലിസ് അടുത്ത കാലത്തായി നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ പോലിസ് അനുമതി നിഷേധിച്ചിട്ടും ബൈക്ക് റാലി നടത്തിയിരുന്നു.
പോലിസ് സംഘപരിവാരത്തോട് കാണിക്കുന്ന വിധേയത്വം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. സാമുദായിക സൗഹാര്‍ദ്ദം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു മത വിഭാഗത്തിനെതിരേയാണ് ഭുരിപക്ഷം പേരും പ്രസംഗിച്ച് വേദി വിട്ടിറങ്ങിയത്. വര്‍ഗീയവിദ്വേഷ പ്രസംഗം നടത്തി നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഡ പദ്ധതിയാണ് ഈ സമ്മേളനത്തിലൂടെ തെളിഞ്ഞത്. അതിനെ വെള്ളപൂശുന്ന തരത്തിലായിരുന്നു പോലിസിന്റെ നിലപാട്. പ്രകോപന പരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിക്കേട്ടത്. ഇതിനെതിരേയും നടപടിയെടുത്തില്ല.
Next Story

RELATED STORIES

Share it