വര്‍ഗീയ വിദ്വേഷം; കുറ്റകൃത്യങ്ങളെ ശക്തമായി നേരിടുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: വര്‍ഗീയ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭാഗമായി രാജ്യത്തു നടക്കുന്ന കുറ്റകൃത്യങ്ങളെ പരമോന്നത കോടതി ശക്തമായി നേരിടുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ നിരത്തിയാല്‍ ഇത്തരം കേസുകളില്‍ ശക്തമായ നടപടി എടുക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നിയമവാഴ്ച ഉറപ്പുവരുത്താന്‍ ജുഡീഷ്യറി ബാധ്യസ്ഥമാണ്. രാജ്യത്തു വളര്‍ന്നുവരുന്ന വിഭാഗീയതയും വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളും തടഞ്ഞുനിര്‍ത്തി നിയമവാഴ്ചയും സുരക്ഷയും ഉറപ്പുവരുത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണനേതൃത്വങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ശക്തികള്‍ക്ക് മൂക്കുകയറിടാന്‍ പര്യാപ്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദത്തു പറഞ്ഞു.
വിവിധ ഹൈക്കോടതികളിലെ 21 അഡീഷണല്‍ ജഡ്ജിമാരുടെ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയത്തില്‍ തീരുമാനമായതായും ദത്തു പറഞ്ഞു. ഹൈക്കോടതികളിലെ 100ലധികം ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഈ പേരുകള്‍ വീണ്ടും പരിഗണിക്കാന്‍ അഞ്ചംഗ ജഡ്ജിമാരടങ്ങിയ കൊളീജിയം വീണ്ടും ആവശ്യപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Next Story

RELATED STORIES

Share it