വര്‍ഗീയ വികാരമുണ്ടാക്കി ബിജെപി രാജ്യത്തെ തകര്‍ക്കുന്നു: കുഞ്ഞാലിക്കുട്ടി

വര്‍ഗീയ വികാരമുണ്ടാക്കി ബിജെപി രാജ്യത്തെ തകര്‍ക്കുന്നു: കുഞ്ഞാലിക്കുട്ടി
X


കോഴിക്കോട്: കാലി വില്‍പന നിരോധനത്തിലൂടെ കേന്ദ്രം കാണുന്നത് രാഷ്ട്രീയ ലാഭം മാത്രമാണെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തുകൊണ്ടുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ യഥാര്‍ഥ തിരിച്ചടി രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. കരകയറാന്‍ പറ്റാത്തവിധം സാമ്പത്തിക രംഗം തകര്‍ന്നു. കാലി വില്‍പന നിരോധനം വന്‍ തിരിച്ചടിക്ക് കാരണമാവുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വര്‍ഗീയ ധ്രുവീകരണ ശ്രമത്തിന് സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ വര്‍ഗീയ വികാരമുയര്‍ത്തുന്നത് രാജ്യത്തിന് നഷ്ടം മാത്രമേ സമ്മാനിക്കുകയുള്ളൂ. വിശ്വാസപരമായ കാര്യങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്താനും അവര്‍ ശ്രമിക്കുന്നുണ്ട്. കാലി വില്‍പന നിരോധനം മറി കടക്കാന്‍ കേരളത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മദ്യ വില്‍പന വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റായിപ്പോയെന്നും മദ്യ വില്‍പന വ്യാപകമാക്കേണ്ടതില്ലെന്ന അഭിപ്രായമുള്ളവരാണ് നാട്ടില്‍ കൂടുതലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ ബിജെപിക്കെതിരേ മതേതര കക്ഷികളുടെ കൂട്ടായ്മ സജീവമാക്കുമെന്നും ഈ മാസം നാലിന് കോഴിക്കോട്ട് ചേരുന്ന മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉമ്മര്‍ പാണ്ടികശാല, എന്‍ സി അബൂബക്കര്‍, നജീബ് കാന്തപുരം സംബന്ധിച്ചു.
Next Story

RELATED STORIES

Share it