വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളുടെ തടവറയിലാണ് താനെന്ന് വെള്ളാപ്പള്ളി തെളിയിച്ചു: സുധീരന്‍

തിരുവനന്തപുരം/കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിലൂടെ വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളുടെ തടവറയിലാണ് താനെന്ന് വെള്ളാപ്പള്ളി നടേശന്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി യോഗത്തിന്റെ ഒരു പരിപാടി പോലും സ്വതന്ത്രമായി തീരുമാനിച്ച് നടത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ അടിമത്തം സ്വീകരിച്ച വെള്ളാപ്പള്ളി ഇനിയെങ്കിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കടിച്ചുതൂങ്ങാതെ രാജിവച്ച് ഒഴിയുകയാണ് അഭികാമ്യം. വെള്ളാപ്പള്ളി നടേശന്റെ നടപടി അനൗചിത്യപരവും കേരളത്തിന് അപമാനകരവുമാണ്. ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയോട് ഇപ്രകാരം ആവശ്യപ്പെട്ടതെന്ന് പറയുന്ന വെള്ളാപ്പള്ളി ആ കേന്ദ്രങ്ങള്‍ ഏതാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും സ്വാഭാവികമായും വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളാണ് അതിന്റെ പിന്നിലെന്ന് ആര്‍ക്കും മനസ്സിലാക്കാനാവുന്നതേയുള്ളൂവെന്നും സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ കൊല്ലം എസ്എന്‍ കോളജിനു മുന്നില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് ശങ്കറിനെയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും കെപിസിസി പ്രസിഡന്റും ആയിരുന്ന സത്യസന്ധനായ ആര്‍ ശങ്കറിനെ അപമാനിക്കുന്നതിന് തുല്യമാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പരിപാടി പ്രസിദ്ധപ്പെടുത്തുകയും ചെയ്തശേഷം ഒഴിവാക്കിയത് കേരള ജനതയോടുള്ള ധിക്കാരമാണ്. ക്ഷണിച്ച ഏത് അതിഥിയേയും പിന്നീട് ഒഴിവാക്കുന്നത് മര്യാദയല്ല. ഏതു ശക്തിക്കാണ് ഇത്രമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുക എന്നറിയാന്‍ കേരള ജനതയ്ക്ക് അവകാശമുണ്ട്. എസ്എന്‍ഡിപി യോഗത്തെ 'സംഘപരിവാര ധര്‍മ പരിപാലന സംഘ'മായി അധപ്പതിപ്പിക്കുന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നടേശന്റെ ഈ നടപടിയെന്നും വിഎസ് പറഞ്ഞു.
ശിവഗരി മഠത്തെ കാവിവല്‍കരിക്കാനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലത്ത് പറഞ്ഞു.
ശിവഗിരിയില്‍നിന്ന് ക്ഷണം ഉണ്ടാവാതെ എന്തിനാണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരു വ്യക്തി മഠം സന്ദര്‍ശിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. ശിവഗിരി തീര്‍ത്ഥാടനം സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദിയെ എത്തിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തില്‍ അഭിപ്രായം പറഞ്ഞ ശിവഗിരി മഠത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. എസ്എന്‍ഡിപിയെ ഹൈജാക്ക് ചെയ്തപോലെ ശിവഗിരി മഠത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it