വര്‍ഗീയശക്തികളില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കണം: തുഷാര്‍ ഗാന്ധി

കൊച്ചി: രാജ്യത്ത് വിഭാഗീയത അതിന്റെ പരമാവധിയിലെത്തിനില്‍ക്കുകയാണെന്നു സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനും ഗാന്ധിജിയുടെ ചെറുമകനുമായ തുഷാര്‍ ഗാന്ധി. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന നാലാമത് ദേശീയ സമാധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയുമൊക്കെ പേരില്‍ ആളുകള്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവത്തിലും രീതികളിലുമെല്ലാം മനുഷ്യര്‍ വ്യത്യസ്തരാണ്. ആ വ്യത്യസ്തതകളെ അംഗീകരിക്കുകയും ബഹുമാനിക്കുകയുമാണു വേണ്ടതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. സ്വയം തീര്‍ത്ത മതില്‍ക്കെട്ടിനകത്തേക്ക് മനുഷ്യര്‍ ചുരുങ്ങുകയാണ്. നമ്മള്‍ എന്നു ചിന്തിക്കാതെ നീയും ഞാനുമെന്ന ചിന്തയാണുള്ളത്. ഞാന്‍, എന്റേത് എന്നീ ചിന്തകളാല്‍ ഹൃദയങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ആഗോള ഗ്രാമത്തെ കുറിച്ച് സംസാരിക്കുമ്പോഴും നാം ഓരോരുത്തരും ചെറു ദ്വീപുകളായി സ്വയം ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. സമാധാനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it