Fortnightly

വര്‍ഗീയത അറബി ഭാഷയോടും

സി എ റഊഫ്




കേരളത്തില്‍ അറബിക് സര്‍വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച അഭിപ്രായക്കുറിപ്പില്‍ ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശം വലിയവിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. അറബിക് സര്‍വകലാശാല കേരളത്തില്‍ വന്നാല്‍ അതു വര്‍ഗീയചേരിതിരിവിനു ആക്കംകൂട്ടുമെന്നാണ് ജിജി തോംസണ്‍ തന്റെ നോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരത്തില്‍ ഒരു സര്‍വകലാശാല വരുമ്പോള്‍ ഇതുപോലുള്ള ആരോപണം ഉയര്‍ന്നിട്ടുള്ളത് മൂന്നാം തവണയാണ്.

സി എച്ച് മുഹമ്മദ്‌കോയ മന്ത്രിയായിരുന്ന കാലത്ത് 1968ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തല്‍പര കക്ഷികള്‍ ‘പാക്കിസ്ഥാന്‍ സര്‍വകലാശാല’ എന്ന് പറഞ്ഞാക്ഷേപിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. സര്‍വകലാശാലക്ക് കോഴിക്കോടിനുപകരം കാലിക്കറ്റ് എന്ന് പേര് നല്‍കിയതില്‍ വരെ വര്‍ഗീയതകണ്ടു ചിലര്‍. മലയാളത്തില്‍ കോഴിക്കോട് എന്നതിനു പകരം അറബി ഭാഷയോട് സാമ്യമുള്ള കാലിക്കറ്റ് എന്ന് പേരിട്ടുവെന്നായിരുന്നു ആരോപണം.അലിഗഡ് ഓഫ് കാംപസ് സെന്റര്‍ മലപ്പുറത്ത് തുടങ്ങാനിരുന്നപ്പോഴും സമാനമായപ്രചരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെകുറിച്ച് പഠനം നടത്തിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടിയെന്നോണമാണ് മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിന്നാക്ക ജില്ലകളില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ്‌സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. അതിലൊന്ന് മലപ്പുറം ജില്ലയായിരുന്നു. അതിന്റെ ഭാഗമായി പെരിന്തല്‍മണ്ണക്കടുത്ത് സര്‍വകലാശാലക്കായി സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയപ്പോള്‍ ഓഫ് കാംപസ് സെന്ററിനെതിരെ വര്‍ഗീയ ആരോപണമുന്നയിച്ച് പ്രചരണജാഥവരെ നടത്തി സംഘപരിവാര്‍.ഇപ്പോഴിതാ കാലിക്കറ്റ് സര്‍വ്വകലാശാലക്കെതിരെയും മലപ്പുറത്തെ അലിഗഡ് ഓഫ് കാംപസിനെതിരെയും പ്രതിഷേധം പ്രകടിപ്പിച്ചവരും അവരുടെ താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നവരും അറബി ഭാഷയില്‍ പാണ്ഡിത്യം അവകാശപ്പെടുന്ന ചിലരും അറബിക് സര്‍വകലാശാലക്കെതിരെയും രംഗത്ത് വന്നിരിക്കുന്നു.

നേരത്തെ സര്‍വകലാശാല തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തപ്പോള്‍ ധനവകുപ്പ് ഇടഞ്ഞുനിന്നു. 96 കോടി രൂപയുടെ അധികബാധ്യത വരുമെന്ന് കാണിച്ചാണ് ധനവകുപ്പ് ഇടങ്കോലിട്ടത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനു വലിയ ബാധ്യത വരുത്താത്ത രീതിയിലുള്ള ശുപാര്‍ശയാണ് സര്‍ക്കാരിനു മുമ്പാകെ നല്‍കിയിരുന്നത്. അതു മറച്ചുവെച്ചാണ് 96 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് ധനവകുപ്പ് ആശങ്കപ്പെട്ടത്. ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമും ചീഫ് സെക്രട്ടറി ജിജി തോംസണും തികച്ചും അപകടകരമായ നിരീക്ഷണമാണ് ഈവിഷയത്തില്‍ നടത്തിയിട്ടുള്ളത്. ബ്യൂറോക്രസിയുടെ ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയവല്‍ക്കരണം കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെയും റിപോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്.

കേരളത്തില്‍ ഭാഷാ സര്‍വകലാശാല ഇതാദ്യത്തേതല്ല. 1994ല്‍ രൂപീകരിച്ച ശ്രീ ശങ്കരാചാര്യരുടെ പേരിലുള്ള സംസ്‌കൃത സര്‍വകലാശാലയും 2012ല്‍ നിലവില്‍വന്ന തുഞ്ചത്തെഴുത്തഛന്‍ മലയാളസര്‍വകലാശാലയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭാഷയുടെ പേരില്‍ സ്ഥാപിതമായ ഈ സര്‍വകലാശാലകള്‍ക്കെതിരെ ആര്യ വരേണ്യ വര്‍ഗീയതക്ക് ആക്കംകൂട്ടുമെന്ന് പറഞ്ഞ് ആരും എതിര്‍ത്തതായി കണ്ടിട്ടില്ല. അറബിക് സര്‍വകലാശാലക്കെതിരെ വാളെടുക്കുന്നവര്‍ നിലവിലുള്ള ഭാഷാസര്‍വകലാശാലകളുടെ സ്ഥിതിയൊന്ന് പഠനവിധേയമാക്കിയാല്‍ നന്നായിരിക്കും.കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനംദിന വ്യവഹാരങ്ങളില്‍ പ്രത്യേകിച്ച് ഇടമൊന്നുമില്ലാത്ത ഭാഷയാണ് സംസ്‌കൃതം.

ദ്രവീഡിയന്‍ സംസ്‌കാരത്തിനുമേല്‍ ആര്യാധിനിവേശവും ആര്യസംസ്‌കാരവും അടിച്ചേല്‍പിക്കുന്നതിന്റ ഭാഗമായാണ് കേരളത്തില്‍ യഥാര്‍ഥത്തില്‍ സംസ്‌കൃതഭാഷ സ്ഥാപിക്കപ്പെടുന്നത്. അതവിടെയിരിക്കട്ടെ. സംസ്‌കൃത സര്‍ലകലാശാലയിലെ ആകര്‍ഷകമായ പ്രധാന കോഴ്‌സ് മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് ആണ്. ഡിഗ്രിതലത്തില്‍ സംസ്‌കൃതം കോര്‍ വിഷയം ഒഴിച്ചുനിര്‍ത്തിയാല്‍ സംസകൃതം പഠിക്കാന്‍ ഇവിടെ കുട്ടികള്‍ കുറവാണ്. സംസകൃതം വ്യാകരണം, സംസ്‌കൃതം വേദാന്ത, സംസകൃതം സാഹിത്യ, സംസ്‌കൃതം ന്യായ എന്നിങ്ങനെ സര്‍വകലാശാലയുടെ കാലടിയിലുള്ള പ്രധാന കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നിലവിലുള്ളത് നാല് ബിരുദാനന്തര ബിരുദകോഴ്‌സുകളാണ്. ഓരോ കോഴ്‌സിനും രണ്ട് മുതല്‍ നാല് വരെ ഫാക്കല്‍റ്റികള്‍ ഓരോ സെന്ററിലുമുണ്ട്. എന്നാല്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്ന് മുതലാണ് തുടങ്ങുന്നത്. അഥവാ മൂന്ന് കുട്ടികളെ പഠിപ്പിക്കാന്‍ നാല് അധ്യാപകര്‍! അറബിക് സര്‍വകലാശാല വന്നാല്‍ അധികചെലവുണ്ടാകുമെന്ന് വ്യാകുലപ്പെടുന്നവര്‍ ഈകണക്കുകളൊക്കെ ഒന്ന് പരിശോധിച്ച് അനുയോജ്യമായ നടപടികളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെങ്കില്‍ നമ്മുടെ പൊതുഖജനാവിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.സംസ്‌കൃത സര്‍വകലാശാലയുടെ നിയമാവലി അനുസരിച്ച് ഒരു കോഴ്‌സ് നിലനിര്‍ത്താന്‍ ചുരുങ്ങിയത് നാല് വിദ്യാര്‍ഥികളെങ്കിലും വേണം.

എന്നാല്‍ സംസകൃതത്തിന്റെ കാര്യത്തില്‍ അതിലും ഇളവുണ്ട്, രണ്ട് പേര്‍ മതി. അത്രമാത്രം അനിവാര്യത സംസ്‌കൃതപഠനത്തിനുണ്ട് എന്നര്‍ത്ഥം. ഭാഷയും പൈതൃകവും സംരക്ഷിക്കപ്പെടാനാണെങ്കില്‍ സര്‍വകലാശാലയുടെ ആവശ്യമില്ലല്ലോ. പുരാവസ്തുവകുപ്പിനു കീഴില്‍ ഒരു സംസ്‌കൃത മ്യൂസിയം തുടങ്ങിയാല്‍ പോരേ? വസ്തുതകള്‍ ഇവയൊക്കെയായിട്ടും സംസ്‌കൃത സര്‍വകലാശാല വരുന്നതിനോട് ആരും എതിരു നിന്നില്ല.മലയാളസര്‍വകലാശാല മാതൃ ഭാഷയുടെ വികസനം ഉദ്ദേശിച്ചുകൊണ്ടാണ് എന്നത് പ്രസക്തമായ വാദമാണ്. മാത്രമല്ല ഭാഷ ഒരുപണിഷ്‌മെന്റായി വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കുന്നതിനു പകരം എല്ലാ വിജ്ഞാനങ്ങളും മലയാളത്തില്‍ പഠിക്കാന്‍ അവസരമുണ്ടാക്കുക എന്നാണ് മലയാളം സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ നയമായി പരിചയപ്പെയുത്തുന്നത്. വരേണ്യഭാഷയുടെ സംരക്ഷിത കേന്ദ്രം എന്ന് ചില ദലിത് ചിന്തകരും മറ്റും മലയാളസര്‍വകലാശാലയെപ്പറ്റി ആക്ഷേപമുന്നയിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ വര്‍ഗീയതയുടെയോ സവര്‍ണ്ണാഭിമുഖ്യത്തിന്റെയോ പേരില്‍ മലയാളം സര്‍വ്വകലാശാല വിമര്‍ശിക്കപ്പെട്ടിട്ടില്ല.

സര്‍വകലാശാലയുടെ പേരെഴുതുന്നതില്‍പോലും വിലകുറഞ്ഞവിലപേശലുകള്‍ അവിടെ നടക്കുന്നുണ്ട്. എങ്കിലും മുന്‍ ചീഫ് സെക്രട്ടറിയുടെ പ്രതാപത്തിനുമുമ്പില്‍ അതൊക്കെ അടുക്കളരഹസ്യമായി ഒടുങ്ങുന്നുവെന്ന് മാത്രം.അറബി മതത്തിനും ജാതിക്കും അതീതമായി മുഴുവന്‍ മലയാളികളുടെയും ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍ അഗാധമായ സ്വാധീനമുള്ള ഭാഷയാണ്. അറബിക് സര്‍വ്വകലാശാല മുസ്‌ലിംകള്‍ക്ക് എന്തോ ആനുകൂല്യം കിട്ടാനുള്ള ഏര്‍പ്പാടാണെന്നും അതുകൊണ്ട് തന്നെ അത് എതിര്‍ക്കപ്പെടേണ്ടതാണെുമുള്ള ചിന്ത വര്‍ഗ്ഗീയവും പിന്തിരിപ്പനുമാണ്. നിലവില്‍ കേരളത്തില്‍ മാത്രം നൂറുകണക്കിന് അറബിക് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഭാഷയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട എത്ര സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു ഭാഷകളിലുണ്ട് എന്നന്വേഷിച്ചാല്‍ എന്താവും ഉത്തരം കിട്ടുക? ഹിന്ദി ടീച്ചിംഗ് കോഴ്‌സുകള്‍ക്കായും സര്‍ക്കാര്‍ തൊഴില്‍ ലക്ഷ്യം വച്ചുള്ള സ്‌പോക്കണ്‍ ഹിന്ദി പഠനത്തിനായും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളുണ്ടെന്നത് ശരിയാണ്.

ഹിന്ദിക്കാവട്ടെ കേരളത്തില്‍ സര്‍വകലാശാലയില്ല. രാജ്യത്തിന്റെ വിദേശവരുമാനവുമായി അറബി ഭാഷ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. വിദേശതൊഴിലിന് പോകുന്നവര്‍ക്ക് പൊതുഖജനാവില്‍നിന്നും പണം മുടക്കി സര്‍വകലാശാല സ്ഥാപിക്കുന്നതിനെ മാതൃഭൂമിയിലെ അറബി പണ്ഡിതന്റെ ലേഖനം വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ ചെലവില്‍ വിദ്യഭ്യാസം നേടുന്നവര്‍ വിദേശത്ത് പോകാന്‍ പാടില്ലെങ്കില്‍ സ്‌കൂളുകളും കോളേജുകളും പൂട്ടേണ്ടിവരുമല്ലോ. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസനയം അതിന്റെ സാമ്പത്തിക പുരോഗതിക്കു കൂടി ഊന്നല്‍ നല്‍കണം. ആ നിലക്കുവേണം അറബിക് സര്‍വകലാശാല എന്ന ആശയത്തെ പരിഗണിക്കാന്‍. വിദേശമലയാളികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം വരുന്നത് ഗള്‍ഫ് നാടുകളില്‍ നിന്നാണെന്നുകൂടി ഇതോടൊപ്പംചേര്‍ത്തുവായിക്കണം.ഏതാണ്ട് 25,000 കോടി രൂപയാണ് പ്രതിവര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മാത്രം കേരളത്തിലെത്തുന്നത്.

മലയാളികള്‍ തൊഴിലെടുക്കുന്ന അറബ് രാജ്യങ്ങളിലെ ഭാഷ അറബിയാണ്. കേരളത്തിന്റെ തൊഴില്‍ ശക്തിയുടെ നല്ലൊരു ഭാഗവും ഉപയോഗിക്കുന്ന ഭാഷ അറബിയാണെന്നര്‍ത്ഥം. മലയാളിക്ക് അറബിഭാഷയോടുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ബന്ധത്തിന്റെയടിസ്ഥാനത്തില്‍ അറബിമലയാളം എന്നസങ്കര ഭാഷയും ലിപിയും രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറംരാജ്യങ്ങളുമായുള്ളവ്യാപാരബന്ധം തുടങ്ങുന്നത്തന്നെ അറബികളുമായാണ്. ആ ബന്ധം പലവിധത്തില്‍ അറബിനാടുകളുമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. അറബി ഭാഷയുമായും സംസ്‌കാരവുമായും മലയാളിക്കുള്ള ആത്മബന്ധം നിഷേധിക്കാനാവത്തതാണ്.അറബി ഭാഷയുടെ പഠനം വിദേശമലയാളികളുടെ തൊഴില്‍ വളര്‍ച്ചക്ക് ഗുണകരമായിരിക്കുമെന്നുറപ്പാണ്. ഉയര്‍ന്ന തൊഴില്‍ ലഭിക്കാനും പ്രൊമോഷനും അറബി ഭാഷയിലെ അംഗീകൃത ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉപകാരപ്പെടും. പുതിയ ഒരു സര്‍വകലാശാലക്കുവേണ്ടിയുള്ള ആവശ്യത്തെ ആ നിലക്കു കാണാതെ വര്‍ഗീയപ്രേരിതമായ നിലപാട് സ്വീകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.മാതൃഭൂമി ലേഖനത്തില്‍ ഉന്നയിക്കുന്ന പ്രീണനം അറബിക് സര്‍വ്വകലാശാലയുടെ കാര്യത്തില്‍ എവിടെയാണെന്ന് മനസ്സിലാകുന്നില്ല.

സര്‍വകലാശാലാവിവാദം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ശുദ്ധ പ്രീണനമാണെന്ന് ലേഖകന്‍ ആണയിട്ടു പറയുന്നു. അറബിക് സര്‍വ്വകലാശാലയെക്കുറിച്ച വിവാദങ്ങള്‍ക്ക് പശ്ചാത്തലമായത് ചീഫ് സെക്രട്ടറിയുടെ വര്‍ഗീയപ്രേരിതമായ കുറിപ്പാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഈ പ്രീണനവാദം ഉയര്‍ത്തുന്നത്.1996ല്‍ മുരളി മനോഹര്‍ ജോഷി മാനവ വിഭവശേഷി മന്ത്രിയായിരുന്ന കാലത്ത് ഉര്‍ദു ഭാഷക്കെതിരെ ഇത്തരത്തിലുള്ള പ്രചരണം നടത്തിയിരുന്നു. സര്‍വകലാശാലകളില്‍ നിന്നും ഉര്‍ദു ഭാഷ എടുത്തുകളയാനായിരുന്നു നീക്കം. മുസ്‌ലിംകളില്‍ നല്ലൊരു ശതമാനമുള്‍പ്പടെ വലിയൊരു ജനവിഭാഗത്തിന്റെ സംസാരഭാഷയായ ഉര്‍ദുവിനെതിരായ നീക്കം വര്‍ഗീയപ്രേരിതമായിരുന്നു.

ഭാഷ കേവലം ഒരു ആശയവിനിമയമാധ്യമമല്ല, ഭാഷക്കുപിന്നില്‍ ഒരുസംസ്‌കാരവും പൈതൃകവുമുണ്ട്. സംസ്‌കാരങ്ങളിലെ വൈവിധ്യങ്ങളുടെ നിലനില്‍പിന്റെ കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭാഷ. ഉര്‍ദുവും അതിനോടു ചേര്‍ന്ന് നില്‍ക്കുന്ന സംസ്‌കാരവും അക്രാമികഹിന്ദുത്വത്തിന്റെ ഒളിയജണ്ടകള്‍ക്ക് തടസ്സമാവുമെന്നുള്ളത് കൊണ്ടാണ് ഈ ഭാഷക്കെതിരെ തിരിയാന്‍ കാരണം. അറബിഭാഷയുടെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ. അറബിഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ മുസ്‌ലിംകള്‍ ആണെന്നുള്ള നിലക്ക് ആ ഭാഷയെ വളര്‍ത്താനുള്ള ശ്രമം മുസ്‌ലിം പ്രീണനമായി കാണുന്നത് വളരെ അപകടകരമാണ്.ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിച്ച് ആര്യദേശീയതയിലൂന്നിയ ഏകധ്രുവസംസ്‌കാരത്തിന്റെ സ്ഥാപനത്തിനായുള്ള ശ്രമങ്ങളിലൊന്നായിട്ടുവേണം അറബിക് സര്‍വ്വകലാശാലക്കെതിരിലുള്ള ഈ നീക്കത്തെ കാണാന്‍. പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയവര്‍ ഒരു ചേരിതിരിവ് തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

സര്‍ക്കാരിന്റെ കീഴില്‍ തൊഴിലെടുക്കുന്ന ഒരുന്നത ഉദ്യോഗസ്ഥന്‍ ഇത്തരം ഒരു പരാമര്‍ശം നടത്തുന്നതില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. ബ്യൂറോക്രസിയില്‍ ഉയര്‍ന്നസ്ഥാനത്താണ് ചീഫ്‌സെക്രട്ടറി ഇരിക്കുന്നത്. ഭരണപരമായ നയങ്ങള്‍ രൂപീകരിക്കാനുള്ള ചുമതല ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുള്ളതാണ്. ബ്യൂറോക്രാറ്റുകള്‍ ആചുമതല ഏറ്റെടുക്കുമെങ്കില്‍ പിന്നെ കോടികള്‍ ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പും മറ്റും നടത്തി സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലല്ലോ.ചീഫ്‌സെക്രട്ടറിയുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്നല്ല പറയുന്നത്. ചായക്കടകളിലെ നാട്ടുവര്‍ത്തമാനംപോലെ പൊതുപ്രസ്താവന നടത്തല്‍ ഉദ്യോഗസ്ഥരുടെ പണിയല്ല. അതു അടുത്തൂണ്‍ പറ്റിയതിനു ശേഷം ആകാം. ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ സ്ഥാനമാനങ്ങളും പദവികളും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്താവതല്ല.സുപ്രധാനവിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ജിജിതോംസണ്‍ ഉള്‍പ്പടെയുള്ളവര്‍ പരിഗണിക്കേണ്ടത് തെളിവുകളും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ്.

അറബിക് സര്‍വകലാശാല നിലവില്‍ വന്നാല്‍ വര്‍ഗീയചേരിതിരിവുണ്ടാവുമെന്ന റിപ്പോര്‍ട്ട്് നല്‍കാന്‍ തന്റെ പക്കല്‍ എന്തുതെളിവാണുള്ളതെന്ന്് ജിജി തോംസണ്‍ വ്യക്തമാക്കണം. പുകമറകള്‍ സൃഷ്ടിച്ച് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം കേരളത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടായിരിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. മോഡിയുടെ കാലത്ത് കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്ന സ്വഭാവം കൂടിവരുന്നുണ്ട്. റിട്ടയര്‍മെന്റിനു ശേഷം എല്ലാവരും സര്‍ക്കാരില്‍ തന്നെ സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചാല്‍ സംഗതി ആകെ കുഴങ്ങും. മാത്രമല്ല സര്‍ക്കാരിനു വലിയ ബാധ്യതയും ആകും. പൊതുഖജനാവിനു ജാഗ്രതയോടെ കാവലിരിക്കുന്ന ധനവകുപ്പെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ ഒരുനിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കാം!
...........
Next Story

RELATED STORIES

Share it