വര്‍ഗീയതയ്‌ക്കെതിരേ ഇടതുപക്ഷം മതസംഘടനകളോട് സഹകരിക്കണം: എം എ ബേബി

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ ഇടതുകക്ഷികള്‍ മതസംഘടനകളുമായും വിശ്വാസികളുമായും സഹകരിക്കുന്നതിനെക്കുറിച്ചു ഗൗരവമായ ചര്‍ച്ച വേണമെന്ന് സിപിഎം പിബി അംഗം എം എ ബേബി. നാലാമത് അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസ്സില്‍ വര്‍ഗീയതയ്‌ക്കെതിരേ സാംസ്‌കാരിക ഐക്യം എന്ന സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതങ്ങളോടു പുലര്‍ത്തിയ നിലപാടില്‍ ഇടതുപക്ഷവും ഇടതുപക്ഷത്തോടുള്ള വിമര്‍ശനങ്ങളില്‍ മതനേതൃത്വവും സ്വയംവിമര്‍ശനാത്മക പരിശോധന നടത്തണം. കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പടെയുള്ള ഇടതുപക്ഷത്തോടു പിന്തുടര്‍ന്നുവരുന്ന ശത്രുതയും അകല്‍ച്ചയും ന്യായീകരിക്കാവുന്നതാണോ എന്ന പരിശോധന മതാധ്യക്ഷന്മാര്‍ നടത്തണം. മതത്തിന്റെ ദുര്‍വ്യാഖ്യാനമാണു വര്‍ഗീയത. വ്യത്യസ്ത വീക്ഷണമുള്ളവര്‍ വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ചുപോരാടണമെന്നും ബേബി പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരായ സാംസ്‌കാരിക ഐക്യം രൂപപ്പെടുത്താന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് സിംപോസിയത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയതയ്‌ക്കെതിരേ സ്വാഭാവികമായ ഒരു ഐക്യനിര രൂപപ്പെട്ടുവരണമെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ആവശ്യപ്പെട്ടു. വര്‍ഗീയതയ്ക്കും ഫാഷിസത്തിനുമെതിരേ വായനയിലൂടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും സാംസ്‌കാരിക ശക്തി രൂപപ്പെടുത്തുകയെന്ന ആശയമാണ് കേരളപഠന കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
Next Story

RELATED STORIES

Share it