Alappuzha local

വര്‍ഗീയതയുടെ തീജ്വാലകള്‍ മാനവികതയുടെ തീര്‍ത്ഥജലം കൊണ്ട് അണയ്ക്കണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി

കായംകുളം: വര്‍ഗീയതയുടെ തീജ്വാലകള്‍ മാനവികതയുടെ തീര്‍ഥജലം കൊണ്ട് അണയ്ക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമാ എഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാനാ സയ്യിദ് അര്‍ഷദ് മദനി പറഞ്ഞു. പ്രളയപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗൃഹോ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം ഒരു മതവും വര്‍ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്നാണ് കഴിഞ്ഞ കാലത്തെ സുദീര്‍ഘമായ ചരിത്രം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളുടെ വേഷം ധരിച്ച ചിലര്‍ വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു. മതങ്ങളുമായോ മുന്‍ഗാമികളായ മത വ്യക്തിത്വങ്ങളുമായോ ഒരു ബന്ധവുമില്ലാത്തവര്‍ മതസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ആക്രോശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേദനാജനകമായ ഒരുഅവസ്ഥ സംജാതമായിരിക്കുകയാണ്.
പല മതസ്ഥര്‍ ഒരുമിച്ച് ഒരുനാട്ടുകാരായി കഴിയാം എന്ന് ഇന്ത്യയുടെ ഗംഗാ യമുനാ സംസ്‌കാര ചരിത്രം പറഞ്ഞ് തരുമ്പോള്‍ അതിനെതിരില്‍ അപകടകരമായ പ്രവണതകള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ പരിശ്രമം നടക്കുന്നു. ഇന്ത്യന്‍ ജനതയെ ഹിന്ദുഅഹിന്ദു എന്നീ പേരുകളില്‍ വിഭജിച്ച് വര്‍ഗീയത വളര്‍ത്തപ്പെടുന്നു. ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുക എന്ന നീചമായ ലക്ഷ്യത്തിന് വേണ്ടി ഇപ്പോള്‍ മുസ്്‌ലിംകള്‍ പോലെയുള്ള ന്യൂനപക്ഷങ്ങളെയും പരസ്പരം ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തപ്പെടുന്നു. ഇതോടൊപ്പം ഇസ്്‌ലാമിന്റെ പേരില്‍ വര്‍ഗീയതയും തീവ്രവാദവും ആരോപിക്കുകയും വിവരദോഷികളും ശരിയായ ഇസ്്‌ലാമിക വിജ്ഞാനവുമായി ബന്ധമില്ലാത്തവരുമായ ചിലരുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുകയും ചെയ്യുന്നു. സര്‍വോപരി ഇസ്്‌ലാമിക കേന്ദ്രങ്ങളായ മദ്‌റസകളുടെയും പണ്ഡിതരുടെയും മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ അവസ്ഥ അത്യന്തം അപകടകരമാക്കുന്ന പ്രവണതകളാണ് ഇതെല്ലാം.
ഇസ്്‌ലാം പഠിപ്പിക്കുന്ന സമുന്നത സ്വഭാവങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും സര്‍വോപരി, മാനവികതയുടെ മഹല്‍ ഗുണങ്ങള്‍ അധികമായി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നു. വര്‍ഗീയതയ്ക്കുള്ള മറുപടി വര്‍ഗീയതയല്ല. മാനവികതയും മതത്തിന്റെ ഉള്ളില്‍ ഒതുങ്ങി നിന്നു കൊണ്ടുള്ള സ്‌നേഹ ബഹുമാനങ്ങളുമാണ് യഥാര്‍ഥ മറുപടി. ഇതിലൂടെ വര്‍ഗീയത ഇല്ലാതാവുന്നതാണ്. ആകയാല്‍ വര്‍ഗീയതയുടെ തീ ജ്വാലകള്‍ മാനവികതയുടെ തീര്‍ഥ ജലം കൊണ്ട് അണയ്ക്കാന്‍ നാം രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നാലുകോടി രൂപയുടെ ഗൃഹോപകരണങ്ങള്‍ ജയ്യത്തുല്‍ ഉലമാ എ ഹിന്ദിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്നും സംസ്ഥാനത്ത് 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും 100 വീടുകള്‍ക്ക് മെയിന്റന്‍സ് ചെയ്തു കൊടുക്കുമെന്നും മൗലാന സയ്യിദ് അര്‍ഷദ് മദനി പറഞ്ഞു. മൗലാനായോടൊപ്പം വിവിധ സ്‌റ്റേറ്റുകളിലെ ജംഇയ്യത്തിന്റെ നേതാക്കന്‍മാരായ മൗലാനാ അബ്ദുല്‍ ഖയ്യൂം മന്‍സൂരി (ഗുജറാത്ത്), മൗലാനാ ഗിയാസുദ്ദീന്‍ ഖാസിമി, (ഹൈദരാബാദ്) പ്രഫ. നസറുല്ല(ചെന്നൈ), മൗലാനാ മഅസൂം സാബിഖ് ഖാസിമി (റായ്ചൂര്‍), ഹാഫിള് അര്‍ഷദ്(മൈസൂര്‍), സയ്യിദ് അമീന്‍ (ബാംഗ്ലൂര്‍) ,കാഞ്ഞാര്‍ ഹുസൈന്‍ മൗലാന, പി പി ഇസ്ഹാഖ് മൗലാന, അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി, സുഫ്‌യാന്‍ മൗലവി പങ്കെടുത്തു. തുടര്‍ന്ന് ദാറുല്‍ ഉലൂം അറബി കോളജിന് സമീപം കരുണാലയം എന്ന പേരിലുള്ള അഭയകേന്ദ്രത്തിന്റെ തറക്കല്ല് ഇടലും നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it