Readers edit

വര്‍ഗീയതയാല്‍ മലീമസമായ മനസ്സ്

യുഎസില്‍ പഠിക്കുന്ന 14കാരനായ അഹ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ഥി തന്റെ കുരുന്നു മനസ്സില്‍ ഉദിച്ച ഒരാശയം രൂപപ്പെടുത്തിയെടുത്തപ്പോള്‍ അതൊരു മനോഹരമായ ക്ലോക്കായി മാറി. ആ ക്ലോക്ക് തന്റെ ശാസ്ത്രാധ്യാപകനെ കാണിക്കണമെന്ന ആവേശത്തോടെ സ്‌കൂളിലേക്കോടി. പഠനത്തില്‍ മുഴുകിയിരിക്കെ അതാ മുഴങ്ങുന്നു ഒരു അലാറം ശബ്ദം.
പരിശോധിച്ചപ്പോള്‍ അത് അഹ്മദ് മുഹമ്മദിന്റെ ബാഗില്‍നിന്നാണ്. പിന്നെ താമസമുണ്ടായില്ല. അധ്യാപകന്‍ വിധിയെഴുതി അതൊരു ബോംബാണെന്ന്. ആ ഗുരുവര്യന്‍ പിന്നീട് കാര്യമായൊന്നും ചിന്തിക്കാതെ പോലിസില്‍ വിവരമറിയിച്ചു. പോലിസെത്തി കൂടുതലൊന്നും അന്വേഷിക്കാതെ ആ കുരുന്നു കൈകളില്‍ കൈയാമം വച്ച് സ്‌റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലിട്ടു. നിജസ്ഥിതി അന്വേഷിച്ചറിയാതെ കിട്ടിപ്പോയി ഒരു കുട്ടിക്കുറ്റവാളിയെ എന്ന മട്ടിലാണ് അധ്യാപകനും പോലിസും പെരുമാറിയത്.
പുരോഗമനത്തിന്റെയും പരിഷ്‌കാരത്തിന്റെയും കളിത്തൊട്ടിലെന്നു കൊട്ടിഘോഷിക്കപ്പെടുന്ന വാഷിങ്ടണില്‍നിന്നാണ് ഇത്രയും പ്രാകൃതമായ ഒരു സംഭവം എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്നു. അല്‍പ്പം വൈകിയാണെങ്കിലും സത്യം പുറത്തായി. പ്രസിഡന്റ് ഒബാമ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളര്‍പ്പിച്ച് വൈറ്റ്ഹൗസിലേക്ക് കുട്ടിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനും കലവറയില്ലാത്ത അഭിനന്ദനമറിയിച്ചു. ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് ആസ്ഥാനത്തേക്കും ഗൂഗ്ള്‍ ശാസ്ത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കാനും കുട്ടിയെ ക്ഷണിച്ചു.
ഈ സംഭവം ഇന്ത്യക്ക് പുറത്താണെങ്കില്‍ നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് കേരളത്തിന്റെ തൊട്ടയല്‍പ്പക്കമായ തമിഴകത്തുനിന്നുള്ള ഒരു വാര്‍ത്ത വര്‍ഗീയത എല്ലായിടത്തും ഒരുപോലെയാണെന്നു വ്യക്തമാക്കുന്നു. ശക്തമായ കാറ്റിലും പേമാരിയിലും ക്രെയിന്‍ തകര്‍ന്നുവീണ് മക്കയിലെ ഹറമില്‍ കുറേ തീര്‍ത്ഥാടകര്‍ മരിക്കാനും കുറേപേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായപ്പോള്‍ അതില്‍ ആനന്ദംകൊണ്ടു തുള്ളിച്ചാടി ഫേസ്ബുക്കിലിട്ട് തന്റെ ക്രൂരത മാലോകരെ അറിയിച്ചത് ബിജെപി തമിഴ്‌നാട് ഘടകം നിര്‍വാഹകസമിതി അംഗം മധുരയിലെ ബി വേല്‍മുരുകന്‍ എന്ന ആളായിരുന്നു. ദുരന്തത്തില്‍ മരിച്ചത് തന്റെ അയല്‍വാസിയാണെങ്കില്‍പ്പോലും സന്തോഷിക്കുമായിരുന്നുവെന്നാണ് അയാള്‍ പോസ്റ്റിട്ടത്.
പിന്നീട് പിന്‍വലിച്ചെങ്കിലും വിഷം വമിക്കുന്ന, വിദ്വേഷം വളര്‍ത്തുന്ന ഇത്തരം നിരവധി പോസ്റ്റുകള്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉള്ളതായി പോലിസ് പറഞ്ഞു. അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിനെക്കുറിച്ച് ഇന്ത്യയെ സ്‌നേഹിച്ച ഏക മുസ്‌ലിം, ഹിന്ദുക്കള്‍ സ്‌നേഹിച്ച ഏക മുസ്‌ലിം എന്നാണിദ്ദേഹം എഴുതിയത്. തിരുമംഗലത്തെ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഒരു ബിരുദധാരിയാണത്രെ മുരുകന്‍.

പി കുഞ്ഞിപ്പ
നെല്ലിക്കുത്ത്‌
Next Story

RELATED STORIES

Share it