Idukki local

വര്‍ക്‌ഷോപ്പ് മാലിന്യം തള്ളി; ഉടമയ്ക്ക് പതിനായിരം രൂപ പിഴ

നെടുങ്കണ്ടം: ബേഡ്‌മെട്ടില്‍ വര്‍ക്ക്‌ഷോപ്പ് മാലിന്യങ്ങള്‍ തള്ളാനുള്ള ശ്രമം നെടുങ്കണ്ടം പഞ്ചായത്ത് അധികൃതര്‍ കൈയോടെ പിടികൂടി. മാലിന്യവുമായി എത്തിയ പെട്ടി ഓട്ടോയും പഞ്ചായത്ത് പിടിച്ചെടുത്തു. മാലിന്യം തള്ളാന്‍ ശ്രമിച്ചതിന് വര്‍ക്ക്‌ഷോപ്പ് ഉടമയില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കിയതായി പഞ്ചായത്ത് സെക്രട്ടറി പി വി ബിജു അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കല്ലാറിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വര്‍ക്ക്‌ഷോപ്പിലെ മാലിന്യങ്ങളാണ് തള്ളാന്‍ ശ്രമിച്ചത്. ഓട്ടോയില്‍ മാലിന്യവുമായി പഞ്ചായത്തിന്റെ ബേഡ്‌മെട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപമെത്തിയ വര്‍ഷോപ്പിലെ ജീവനക്കാര്‍ മാലിന്യം ഇറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്ലാന്റിലെ ജീവനക്കാരാണ് വിവരം പഞ്ചായത്തില്‍ അറിയിച്ചത്. ഉടന്‍ തന്നെ പഞ്ചായത്ത് സെക്രട്ടറിയും, മറ്റ് പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി മാലിന്യവും വാഹനവും പിടികൂടി. പ്ലാന്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ മാലിന്യം തള്ളുന്ന ദൃശ്യം പരിശോധനയില്‍ കണ്ടെത്തിയതായി പഞ്ചായത്തംഗം ഷിഹാബുദീന്‍ യൂസുഫ്് പറഞ്ഞു. പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സ് എടുക്കുന്നതിന് ഉടമക്ക് നിര്‍ദ്ദേശം നല്‍കിയതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പിഴയടച്ചശേഷം പിടികൂടിയ മാലിന്യം ബേഡ്‌മെട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിര്‍മാര്‍ജനം ചെയ്തു.
Next Story

RELATED STORIES

Share it