വര്‍ക്‌ഷോപ്പുകള്‍ക്കെതിരേയും നടപടി സ്വീകരിക്കും

തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇരുചക്ര വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്ന ഉടമയ്‌ക്കൊപ്പം വര്‍ക്‌ഷോപ്പുകള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി കെ പദ്മകുമാര്‍ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരം വര്‍ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന അനധികൃത ബൈക്ക് റേസിങ് മല്‍സരങ്ങള്‍ക്ക്, രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബൈക്കുകളുടെ ടയര്‍, മഡ്ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍, സൈലന്‍സര്‍ എന്നിവയിലാണ് രൂപമാറ്റം വരുത്തുന്നത്. അപകടരഹിതമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഇത്തരം പരിഷ്‌കാരങ്ങള്‍ നടത്തുന്ന വര്‍ക്‌ഷോപ്പുകളുടെ വിവരം അടിയന്തരമായി ശേഖരിക്കും. വര്‍ക്‌ഷോപ്പുകള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് മാസാവലോകന യോഗത്തില്‍ ആര്‍ടിഒമാര്‍ റിപോര്‍ട്ട് ചെയ്യണം.
നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ബൈക്ക് റേസിങ് വ്യാപകമാണ്. ഇത്തരം മല്‍സരങ്ങളില്‍ അപകടങ്ങളും പതിവാണ്. വഴിയാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ കര്‍ശനമായി തടയുമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ഇവയെക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍ രഹസ്യമായി നിരീക്ഷിച്ച് വാഹന നമ്പര്‍ മനസ്സിലാക്കി ഉടമയ്‌ക്കെതിരേ നിയമനടപടിക്കുള്ള നോട്ടീസ് നല്‍കണം. ഇവയുടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനും ശ്രമിക്കണം. ഈ ബൈക്കുകള്‍ പിന്തുടരാനോ പിടികൂടാനോ ശ്രമിക്കരുത്.
18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ മല്‍സരങ്ങളിലേര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരും മേല്‍വിലാസവും മനസ്സിലാക്കി മാതാപിതാക്കളെ വിവരം ധരിപ്പിക്കും. ബൈക്ക് റേസിങ് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് 7025950100 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശമയക്കാം. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടരുതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it