thiruvananthapuram local

വര്‍ക്കല മിനി വ്യവസായ എസ്റ്റേറ്റ് അവഗണനയില്‍

വര്‍ക്കല: നാല്‍പത് വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള വര്‍ക്കലയിലെ മിനി വ്യവസായ എസ്റ്റേറ്റ് അവഗണനയില്‍. പെരുങ്കുളം കേന്ദ്രീകരിച്ച് സിഡ്‌കോയുടെ അധീനതയിലുള്ളതാണ് ഇത്. ചെറുകിട വ്യവസായ സംരംഭത്തില്‍ ഒരു നാഴികകല്ലാകുമെന്ന പ്രതീക്ഷയില്‍ 1976 ലാണ് എസ്‌റ്റേറ്റ് സ്ഥാപിച്ചത്. അഭ്യസ്ത വിദ്യരായ ഒട്ടേറെ യുവാക്കള്‍ സര്‍ക്കാരിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി സംരംഭകരായി മുന്നോട്ട് വന്നെങ്കിലും പദ്ധതി പാളി.
പിന്നീട് ഏറെക്കാലം അനാഥമായിക്കിടന്ന മിനി എസ്റ്റേറ്റിന്റെ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറി പട്ടയം സ്ഥാപിച്ചെടുത്തു. നിലവില്‍ 70 സെന്റ് മാത്രമാണ് അവശേഷിക്കുന്നത്. കെട്ടിടം സംരക്ഷണമില്ലാതെ ജീര്‍ണാവസ്തയിലാണ്. ഒരു കാലത്ത് 12 വ്യവസായ യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് നിലവില്‍ അഞ്ചു യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതും പ്രവര്‍ത്തന മാന്ദ്യം നേരിടുകയാണ്.
ഒട്ടേറെ അസൗകര്യങ്ങളുടെയും അവഗണനയുടെയും നടുവിലാണ് യൂനിറ്റുകള്‍. കാലിത്തീറ്റ, എന്‍ജിനീയറിങ്, എയ്‌റോസ്‌പേസ് കമ്പോണന്റ്‌സ്, ടയര്‍ റീട്രേഡിങ്, കറിക്കൂട്ട് നിര്‍മാണം എന്നീ യൂനിറ്റുകളാണ് നിലവിലുള്ളത്. സ്ത്രീകളടക്കം 50 തൊഴിലാളികള്‍ ഇതുവഴി ഉപജീവനം കണ്ടെത്തുന്നുണ്ട്. ശുചിമുറിയുടെ അഭാവവും കുടിവെള്ള പ്രശ്‌നവും സങ്കീര്‍ണമാണ്.
സിഡ്‌കോയുടെ കീഴിലാണ് മിനി എസ്‌റ്റേറ്റ്. ഓരോ യൂനിറ്റിനും പ്രതിമാസ വാടക അയ്യായിരത്തോളം രൂപയാണ്. വാടക മുടങ്ങിയാല്‍ 14 ശതമാനം പലിശയും സര്‍ചാര്‍ജും ഈടാക്കും. യൂനിറ്റുകള്‍ ഔട്ട്‌റേറ്റ് സെയില്‍ വ്യവസ്ഥയില്‍ നല്‍കാമെന്ന് സിഡ്‌കോ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കെട്ടിടത്തിന്റെ കിഴക്ക് വശത്ത് ഭിത്തിയില്‍ വളര്‍ന്ന ആല്‍മരം അപകടഭീണിയുയര്‍ത്തുന്നുണ്ട്. കെട്ടിടത്തിന്റെ ഭിത്തിയോടുകൂടി ഇത് നിലംപതിക്കുന്ന അവസ്ഥയിലാണ്. ആസ്പസ്റ്റോസ് പതിച്ച മേല്‍ക്കൂരകള്‍ പലഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്.
കൂടാതെ വൈദ്യുതി മുടക്കം കാരണം യൂനിറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പരാധീനതകള്‍ അധികൃതര്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് സംരംഭകരുടെ ആവശ്യം.
Next Story

RELATED STORIES

Share it