thiruvananthapuram local

വര്‍ക്കല നഗരസഭ മുന്‍ ചെയര്‍മാനെതിരേ കേസെടുക്കാന്‍ വിജിലന്‍സ് കോടതി

വര്‍ക്കല: നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ സൂര്യ പ്രകാശിനെതിരേ പണാപഹരണത്തിനും വഞ്ചനയ്ക്കും കേസെടുക്കുവാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിന് വേണ്ടി യന്ത്രസാമഗ്രികള്‍ വാങ്ങുന്നതില്‍ 11,22,500 രൂപയുടെ അഴിമതി നടത്തി സര്‍ക്കാരിനെയും നഗരസഭയെയും വഞ്ചിച്ചുവെന്ന് കാണിച്ച് സിപിഎം നേതാവും മുന്‍ ചെയര്‍മാനുമായ അഡ്വ. കെ ആര്‍ ബിജു നല്‍കിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം എന്‍ക്വയറി കമ്മീഷന്‍ ആന്റ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് കോടതി മുമ്പാകെയാണ് അഡ്വ. വി കെ പ്രശാന്ത്, അഡ്വ. എസ് മണിലാല്‍ എന്നിവര്‍ മുഖേന പരാതി നല്‍കിയത്. കേസിനുമേല്‍ വാദം കേട്ട കോടതി മുന്‍ ചെയര്‍മാന്‍ കെ സൂര്യപ്രകാശ്, മുന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പുന്നമൂട് രവി, കാസര്‍കോട് കര്‍ഫ് ഇന്ത്യയുടെ മാനേജര്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്.
തിരുവനന്തപുരം വിജിലന്‍സ് ജഡ്ജ് ജോണ്‍ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്. 2005-2010 കാലയളവില്‍ പരാതിക്കാരനായ അഡ്വ. കെ ആര്‍ ബിജു ചെയര്‍മാനായിരുന്ന കാലത്താണ് സര്‍ക്കാര്‍ സഹായത്തോടെ നഗരസഭയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. അന്ന് പ്ലാന്റിലേക്ക് യന്ത്ര സാമഗ്രികള്‍ വാങ്ങാനും, തീരുമാനമെടുത്തിരുന്നു. ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും കെ സൂര്യപ്രകാശ് ചെയര്‍മാനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്‌കരണ പ്ലാന്റില്‍ യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. 42,45,00 രൂപയായിരുന്നു പദ്ധതി തുക. ഇതിന്റെ നേര്‍ പകുതിയായ 11,22,500 രൂപ സര്‍ക്കാറിന്റെയോ ശുചിത്വ മിഷന്റെയോ അംഗീകാരമില്ലാത്ത കടലാസ് സംഘടനായ കര്‍ഫ് ഇന്ത്യയുടെ മാനേജര്‍ക്ക് അഡ്വാന്‍സായി നല്‍കിയത്.
റീ ടെന്‍ഡര്‍ ക്ഷണിക്കാതെയും കൗണ്‍സില്‍ തീരുമാനിക്കാതെയും കമ്പനിയുമായി യാതൊരുവിധ കരാറിലും ഏര്‍പ്പെടാതെയുമാണ് തുക നല്‍കിയത്. തുക വാങ്ങിയവര്‍ അതുമായി സ്ഥലംവിട്ടു. യന്ത്ര സാമഗ്രികള്‍ നഗരസഭക്ക് നല്‍കിയതുമില്ല. ചവര്‍ സംസ്‌കരണ പ്ലാന്റ് അന്യാധീനപ്പെടുകയും ചെയ്തു. കര്‍ഫ് ഇന്ത്യക്ക് നഗരസഭാ ചെയര്‍മാനായിരുന്ന കെ സൂര്യ പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് 11,22,500 രൂപ കൈമാറിയതെന്ന നഗരസഭയുടെ വിവരാവകാശ രേഖ പ്രകാരമാണ് അഡ്വ. കെ ആര്‍ ബിജു കോടതിയെ സമീപിച്ചത്.
വസ്തുതകള്‍ ബോധ്യപ്പെട്ട കോടതി ഇതു സംബന്ധിച്ച് രേഖകല്‍ പരിശോധിക്കുവാനും, വിശദമായ അന്വേഷണം നടത്തി എഫ്‌ഐആര്‍ തയ്യാറാക്കി കോടതിക്ക് കൈമാറണമെന്നുമാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ സ്‌പെഷ്യല്‍ ജഡ്ജ് ജോണ്‍ കെ ഇല്ലിക്കാടന്‍ ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it