വര്‍ക്കലയിലെ വിവാദ ഭൂമിയിടപാട്: ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: വര്‍ക്കലയി ല്‍ സ്വകാര്യ വ്യക്തി കൈയേറിയ വിവാദഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. തിരുവനന്തപുരം മുന്‍ സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കലക്ടര്‍ നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വേ തുടങ്ങാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ഡോ. വാസുകി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വേ, റവന്യൂ ഉദ്യോഗസ്ഥരോട് ഏറ്റെടുക്കല്‍ നടപടികളുമായി മുമ്പോട്ടുപോവാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. വര്‍ക്കല അയിരൂര്‍ വില്ലേജിലെ 27 സെന്റ് റോഡ് പുറമ്പോക്ക് ഭൂമിയാണ് ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്കു കൈമാറിയത്. ഭൂമിയും രേഖകളും പരിശോധിച്ചതില്‍ നിന്ന് ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഭൂമി അളന്നു വേര്‍തിരിച്ച് ഏറ്റെടുക്കാനാണു തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും. തര്‍ക്കമുണ്ടായ ഭൂമിക്കു സമീപം സ്ഥലമുള്ള വ്യക്തി 27 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി എന്നായിരുന്നു പരാതി.
പഞ്ചായത്തു തന്നെ ഈ പരാതി ഉന്നയിക്കുകയും റവന്യൂ അധികാരികള്‍ ഈ സ്ഥലം അളന്ന് സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഭൂമി കൈയേറിയ വ്യക്തി പരാതിയുമായി ജില്ലാ ഭരണകൂടത്തിനു മുന്നിലെത്തി. കേസ് പരിഗണിച്ച സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്ഥലം സ്വകാര്യ വ്യക്തിക്കു തന്നെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടു. ഇതു വിവാദമായതോടെ ഭൂവിനിയോഗ നിയമപ്രകാരമാണു ഭൂമി വിട്ടുനല്‍കിയതെന്ന് സബ് കലക്ടര്‍ വിശദീകരണം നല്‍കി. സ്ഥലം എംഎല്‍എ വി ജോയി പരാതിയുമായി റവന്യൂ മന്ത്രിയെ സമീപിച്ചു. റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തിരുവനന്തപുരം ജില്ലാ കലക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരിയെ ഹിയറിങിനു വിളിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമായിരുന്നു കലക്ടറുടെ നടപടി. ഭൂമിവിവാദത്തെ തുടര്‍ന്ന് സബ്കലക്ടറെ തല്‍സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.
Next Story

RELATED STORIES

Share it