വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവിനു താല്‍ക്കാലിക സ്റ്റേ

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റ ഉത്തരവ് റവന്യൂ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ച് റിപോര്‍ട്ടു നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. സ്ഥലം എംഎല്‍എ വി ജോയിയുടെ പരാതിയിലാണു സര്‍ക്കാര്‍ നടപടി.
വര്‍ഷങ്ങളായി സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന സര്‍ക്കാര്‍ ഭൂമി അവര്‍ക്കു തന്നെ പതിച്ചുനല്‍കിയ വിവാദ തീരുമാനത്തിനു പിന്നില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരാണ്. വര്‍ക്കല-പാരിപ്പള്ളി സംസ്ഥാനപാതയ്ക്കു സമീപമായി സ്ഥിതി ചെയ്യുന്ന 27 സെന്റ് വിവാദഭൂമിക്ക് ഒരു കോടി രൂപയിലേറെ മതിപ്പുവിലയുണ്ട്. സ്ഥലം സ്ഥിതിചെയ്യുന്ന ഇലകമണ്‍ പഞ്ചായത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല തഹസില്‍ദാര്‍ 2017 ജൂലൈയില്‍ ഒഴിപ്പിച്ച ഭൂമിയാണു കൈയേറ്റക്കാര്‍ക്കു ദിവ്യ എസ് അയ്യര്‍ തിരികെനല്‍കിയത്.  സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ കൈവശക്കാര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ സബ് കലക്ടറെ ഹൈക്കോടതി ചുമതലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണു ഭൂമിദാനം നടന്നതെന്നാണു പരാതി. പഞ്ചായത്ത് അധികൃതരെയോ, ഉദ്യോഗസ്ഥരെയോ അറിയിക്കാതെ പരാതിക്കാരിയെ മാത്രം ഹിയറിങിന് വിളിച്ചാണ് സബ് കലക്ടര്‍ ഭൂമി പതിച്ചുനല്‍കിയത് എ
ന്നാണ് ആരോപണം. ഇതിനുപുറമെ ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും എംഎല്‍എയുമായ കെ എസ് ശബരീനാഥന്റെ കുടുംബ സുഹൃത്തിനാണു ഭൂമി വിട്ടുനല്‍കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
അതേസമയം, ഭൂവിനിയോഗ നിയമം അനുസരിച്ചുള്ള നടപടി മാത്രമാണു താന്‍ എടുത്തിട്ടുള്ളതെന്നു ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചു. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ലെന്നും പരാതിക്കാര്‍ക്കു ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി.
തന്നെയും ഭാര്യയെയും ലക്ഷ്യമിട്ടുള്ള ആരോപണങ്ങളില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്നു കെ എസ് ശബരീനാഥന്‍ എംഎല്‍എ പ്രതികരിച്ചു. തങ്ങള്‍ പരസ്പരം ഔദ്യോഗിക വിഷയങ്ങളില്‍ ഇടപെടാറില്ല. ദിവ്യയുടെ നടപടിയില്‍ ആക്ഷേപമുള്ളവര്‍ നിയമപരമായി നേരിടുകയാണു വേണ്ടത്. മറിച്ചു രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനം ധാര്‍മികമല്ലെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ലാന്‍ഡ്് റവന്യൂ കമ്മീഷണറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സംഭവത്തില്‍ തുടര്‍നടപടിയുണ്ടാവുക.
Next Story

RELATED STORIES

Share it