thiruvananthapuram local

വര്‍ക്കലയിലെ ഏക സര്‍ക്കാര്‍ പ്രകൃതി ചികില്‍സാലയം വികസന മുരടിപ്പില്‍

വര്‍ക്കല: വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക സര്‍ക്കാര്‍ പ്രകൃതി ചികില്‍സാ ആശുപത്രി വികസന മുരടിപ്പില്‍.
34 വര്‍ഷമായി പ്രകൃതി ചികില്‍സാരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലാണ്. അനുദിനം ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും അതിനനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിക്കാണുന്നില്ല. അഞ്ചേക്കറിലധികം സ്ഥല സൗകര്യമുണ്ടെങ്കിലും കെട്ടിടങ്ങളുടെ പരിമിതി നിര്‍ണായകമാണ്. പ്രകൃതിയോട് ഇണങ്ങിയുള്ള വര്‍ക്കല കടല്‍തീരത്തെ പാപനാശം കുന്നില്‍ ഹെലിപ്പാഡിന് സമീപം 1981ലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ഡോക്ടറും, പത്ത് കിടക്കകളുമായി ആരംഭിച്ച ആശുപത്രിയില്‍ ഇപ്പോള്‍ 50 രോഗികളെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്.
ചികില്‍സ തേടിയെത്തുന്നവരില്‍ അധികവും കിടക്ക ലഭിക്കാതെ മടങ്ങുന്നു. നാലുമാസം മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ കിടത്തി ചികില്‍സക്ക് അവസരം ലഭിക്കുന്നത്. രോഗശമനത്തിനായി മരുന്നുകളൊന്നും നല്‍കുന്നില്ലെന്നതാണ് ചികില്‍സാ കേന്ദ്രത്തിലെ മറ്റൊരു പ്രശ്‌നം.
കൃഷി, പ്രകൃതി ഭക്ഷണം, പ്രകൃതി ജീവനം എന്നിവയിലൂടെ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യം. മണ്ണ് ചികില്‍സ, ജല ചികില്‍സ എന്നീ ചികില്‍സാ രീതികളാണ് ഇവിടെ അനുവര്‍ത്തിച്ചുകാണുന്നത്. യോഗ, സൂര്യസ്‌നാനം എന്നിവയും ചികില്‍സയുടെ ഭാഗമാണ്.
പ്രധാന കെട്ടിടത്തിനൊപ്പം അനുബന്ധ കെട്ടിടങ്ങളുമാണുള്ളത്. നാല് ഡോക്ടര്‍മാരും, ആവശ്യത്തിന് ജീവനക്കാരുമുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അതിന്റെ ടെന്‍ഡര്‍ നടപടിയായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്ന കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ പ്രകൃതി ചികില്‍സയെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴാണ് ഇത്തരമൊരു സ്ഥാപനത്തിന് ഈ ഗതി.
Next Story

RELATED STORIES

Share it