malappuram local

വരൂ...ചക്കയും മാങ്ങയും തേങ്ങയും തിന്നാം;ഒപ്പം വൃത്തിയുള്ളൊരു ലോകവും തീര്‍ക്കാം



ടി പി ജലാല്‍

മഞ്ചേരി:   കുട്ടികളെ പരിസ്ഥിതിക്കൊപ്പം സഞ്ചരിപ്പിക്കാന്‍ കേരള ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോര്‍ക്കുന്നു. ചക്ക, മാങ്ങ, തേങ്ങ... ഗ്രീഷ്‌മോല്‍സവം പരിപാടിയിലൂടെയാണ് ജില്ലയിലെ പ്ലസ്ടു, ഹൈസ്‌കൂള്‍, യുപി വിദ്യാര്‍ഥികള്‍ക്കായി പുതിയ രീതിയിലും ഭാവത്തിലുമുള്ള ബോധവല്‍കരണം വരുന്നത്. കുട്ടികളോടൊത്തുകൂടാം വൃത്തിയുള്ള ലോകം തീര്‍ക്കാം... എന്ന സന്ദേശത്തെ ക്യാംപിലൂടെ പരിപൂര്‍ണതയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അജൈവ മാലിന്യം വേര്‍തിരിക്കാന്‍ പ്രയോഗിക പരിശീലനം നല്‍കുക, ബോട്ടില്‍ ഉല്‍പന്നങ്ങളുടെ ഭവിഷത്ത്് ബോധ്യപ്പെടുത്തുക, ചക്ക, മാങ്ങ, തേങ്ങ എന്നിവ കൊണ്ടുണ്ടാക്കിയ നാടന്‍ വിഭവങ്ങള്‍ നല്‍കി കുട്ടികളെ മുതിര്‍ന്നവര്‍ സ്വീകരിക്കുക എന്നിങ്ങനെ പ്രകൃതിയുമായി പരമാവധി അടുപ്പിച്ച് വൃത്തിയുള്ള പരിസ്ഥിതി സൃഷ്ടിക്കാനാണ് മിഷന്റെ പരിപാടി. ക്യാംപില്‍ ഉപയോഗ ശൂന്യമായ ബാഗുകള്‍, ചെരിപ്പുകള്‍, കുടകള്‍ എന്നിവ റിപ്പയര്‍ ചെയ്ത് പുനരുപയോഗത്തിന് തയ്യാറാക്കല്‍, അജൈവ മാലിന്യം വേര്‍തിരിക്കല്‍ എന്നിവയിലും അവബോധം നല്‍കും. ക്ലാസെടുക്കാന്‍ ചെരുപ്പുകുത്തികളും കുട നന്നാക്കുന്നവരും ആക്രിക്കച്ചവടക്കാരും എത്തുന്നതാണ് ഗ്രീഷ്‌മോല്‍സവത്തിന്റെ തനി നാടന്‍ ടെച്ച്.പിന്നീട്  വിദ്യാര്‍ഥികള്‍ സ്വയം റിപ്പയര്‍ ചെയ്ത ബാഗുമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന്  സ്‌കൂളിലെ അസംബ്ലിയില്‍ അനുഭവം പങ്കുവയ്ക്കും.  ഇനിമുതല്‍ ബാഗ്, കുട തുടങ്ങിയതൊന്നും പുതിയത് വാങ്ങില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതോടെയാണ് ക്യാംപ് സമാപിക്കുക. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഗ്രീഷ്‌മോല്‍സവം പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ മാസം 10ന് തുടങ്ങും.
Next Story

RELATED STORIES

Share it