kannur local

വരൂ കുട്ടികളേ, ഇനി പഠിച്ച് തുടങ്ങാം

കണ്ണൂര്‍: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം കുട്ടികള്‍ ഇന്നുമുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ തിരിച്ചെത്തും. അവരെ വരവേല്‍ക്കാന്‍ മുഖംമിനുക്കി സ്‌കൂളും അധികൃതരും ഒരുങ്ങിക്കഴിഞ്ഞു. രക്ഷിതാവിന്റെ കൈവിടാതെ ആദ്യമായി സ്‌കൂളിലെത്തുന്ന കുരുന്നുകളെ മധുരം നല്‍കി സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിക്കഴിഞ്ഞു.
കുട്ടികളെ ആകര്‍ഷിക്കാനായി സ്‌കൂള്‍ ചുവരുകള്‍ പക്ഷി-മൃഗാദികളുടെയും പൂമ്പാറ്റകളുടെയും ചിത്രം വരച്ചും പെയിന്റടിച്ചും മനോഹരമാക്കിയിട്ടുണ്ട്. കണ്ണൂര്‍ റവന്യു ജില്ലയിലെ തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെയും 15 ഉപവിദ്യാഭ്യാസ ജില്ലകളിലും വിവിധ പരിപാടികളോടെ പ്രവേശനോല്‍സവം നടക്കുന്നുണ്ട്.
കൂടാതെ പിടിഎകളുടെ നേതൃത്വത്തില്‍ സ്‌കൂളുകളിലും പ്രവേശനോല്‍സവമുണ്ടാവും. കടുത്ത ചൂടിന് ഒരല്‍പ്പം ശമനമുണ്ടായിട്ടുണ്ട്. കുട്ടികളെത്തുന്നതോടെ കാലവര്‍ഷവുമെത്തുമെന്ന പ്രതീക്ഷയിലാണ് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായത്.
മാറിയ സാഹചര്യത്തില്‍ കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍, എയ്ഡഡ് എല്‍പി, യുപി സ്‌കൂളുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇക്കുറിയും കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം, സൗജന്യ യാത്ര സൗകര്യം, കംപ്യൂട്ടര്‍ പഠനം തുടങ്ങിയവ അധികമായി ഒരുക്കിയിട്ടുണ്ട്.
കണ്ണൂര്‍ റവന്യൂ ജില്ല പ്രവേശനോല്‍സവം ഇന്നുരാവിലെ 10ന് തലശ്ശേരി വലിയമാടാവില്‍ ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ നടക്കും. നവാഗത വിദ്യാര്‍ഥികളെ പഠന ലോകത്തിലേക്ക് ആനയിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രവേശനോല്‍സവ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
നിയുക്ത എംഎല്‍എ അഡ്വ.എ എന്‍ ഷംസീര്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ അക്ഷരദീപം തെളിയിക്കും. ഡിഇഒ വസന്തന്‍ അക്കാദമിക് കലണ്ടര്‍ പ്രകാശനം ചെയ്യും. എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. കെ പി ഗോപിനാഥന്‍ പ്രവേശനോല്‍സവ പ്രഖ്യാപനം നടത്തും. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ അക്കാദമിക് പ്രവര്‍ത്തന വിശദീകരണം നല്‍കും. കെ വിനയരാജ് പ്രവേശനോല്‍സവ കിറ്റ് വിതരണം ചെയ്യും. ഉപജില്ലാതലത്തില്‍ പ്രവേശനോല്‍സവം സംഘടിപ്പിക്കുന്നുണ്ട്.—
Next Story

RELATED STORIES

Share it