വരുമാന നഷ്ടം; പുതിയ പദ്ധതികളുമായി ജലഗതാഗതവകുപ്പ്

എച്ച് സുധീര്‍

തിരുവനന്തപുരം: വരുമാന നഷ്ടത്തില്‍ നിന്നും കരകയറാന്‍ വിപുലമായ പദ്ധതികളുമായി സംസ്ഥാന ജലഗതാഗതവകുപ്പ്. പുതിയ ബോട്ടുകള്‍ വാങ്ങി ജലഗതാഗത മേഖലയിലെ സര്‍വീസ് കാര്യക്ഷമമാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
ഇതിന്റെ ഭാഗമായി കാലപ്പഴക്കമേറിയ തടിബോട്ടുകള്‍ പിന്‍വലിച്ച് പുതിയ സ്റ്റീല്‍ ബോട്ടുകള്‍ സര്‍വീസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കൂടാതെ, ചെലവ് കുറഞ്ഞരീതിയില്‍ ജലഗതാഗത മേഖലയില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമെ വൈക്കം-എറണാകുളം റൂട്ടില്‍ ഒരു പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് വാങ്ങുന്നതിനും ആലപ്പുഴ-കുമരകം- കോട്ടയം റൂട്ടില്‍ മറ്റൊരു ടൂറിസ്റ്റ് കം സര്‍വീസ് ബോട്ട് വാങ്ങുന്നതിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറു ജില്ലകളിലാണ് ജലഗതാഗത വകുപ്പിന് കീഴില്‍ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.
ഈ ബോട്ടുകളില്‍ നിന്ന് ഒരുമാസത്തെ ശരാശരി വരവ് 63.30 ലക്ഷം രൂപയാണ്. എന്നാല്‍, ഒരുമാസത്തെ ചെലവ് 3.96 കോടി രൂപയാണ്. പ്രതിമാസം 3.32 കോടി രൂപയുടെ അധികബാധ്യതയാണ് വകുപ്പിനു നേരിടേണ്ടിവരുന്നത്. 51 സര്‍വീസ് ബോട്ടുകളും രണ്ട് സ്‌പെയര്‍ ബോട്ടുകളും ഉള്‍പ്പെടെ നിലവില്‍ സര്‍വീസ് യോഗ്യമായ 53 ബോട്ടുകളാണ് ജലഗതാഗത വകുപ്പിന്റെ കീഴിലുള്ളത്. ഇന്ത്യയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനായി ഒരു സോളാര്‍ ബോട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ നിര്‍മാണം പുരോഗമിച്ചുവരുകയാണെന്നും അധികൃതര്‍ പറയുന്നു. അതേസമയം, വകുപ്പിനു കീഴില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഡിറ്റുകള്‍ നടത്തുന്നില്ല. ജലഗതാഗത വകുപ്പിനു കീഴില്‍ സര്‍വേയര്‍മാര്‍ ഇല്ലാത്തതാണ് ഇതിനു കാരണം.
വര്‍ഷത്തിലൊരിക്കല്‍ കേരള തുറമുഖ വകുപ്പിന്റെ സര്‍വേയര്‍മാര്‍ പരിശോധന നടത്തി നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. സര്‍വീസ് യോഗ്യമല്ലാത്ത 10 ഫൈബര്‍ ബോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ബോട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it