Kollam Local

വരുത്തിവച്ച അപകടം



ചവറ: മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമാവാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ദുരന്തത്തിന്റെ പ്രധാന കാരണം കെഎംഎംഎല്‍ മാനേജ്‌മെന്റിന്റെ അനാസ്ഥയെന്ന് ആരോപണം. ചവറ മിന്നാംതോട്ടില്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന കെ എം എം എല്‍ കമ്പനിയുടെ തന്നെ ഭാഗമായ എംഎസ് (മിനറല്‍ സപറേഷന്‍ പ്ലാന്റ്) ലേക്ക് തൊഴിലാളികള്‍ക്ക് കടന്ന് പോകണമെങ്കില്‍ കൊല്ലം-ആലപ്പുഴ ദേശീയ ജലപാത കടന്ന് പോകുന്ന ടിഎസ് കനാല്‍ മുറിച്ച് കടക്കണം. അതിനായി 2004 ലാണ് ഏകദേശം നൂറ് മീറ്ററോളം നീളമുള്ള ഇരുമ്പില്‍ തീര്‍ത്ത നടപ്പാത നിര്‍മിച്ചത്. ഈ പാലത്തിന് അറ്റകുറ്റപ്പണികള്‍ക്ക് എന്ന പേരില്‍ പലപ്പോഴും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും വല്ലപ്പോഴും ചെയ്യുന്ന പെയിന്റിങ്ങില്‍ അവസാനിക്കുമായിരുന്നു അറ്റകുറ്റപ്പണികള്‍. കെ എം എം എല്‍ കമ്പനിയുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ അന്തരീക്ഷത്തിലെ രാസവസ്തുക്കളുടെ ഇരുമ്പുമായുള്ള രാസ പ്രവര്‍ത്തനം കാരണം ഇരുമ്പില്‍ തീര്‍ത്ത ഒരു ഉപകരണവും ഈട് നില്‍ക്കാറില്ല. പുതിയ ഇരുചക്രവാഹനങ്ങളുടെ ഭാഗങ്ങള്‍ പോലും ദിവസങ്ങള്‍ക്കുള്ളില്‍ തുരുമ്പ് പിടിക്കുന്നത് പതിവാണ്. അതിനാല്‍ നിര്‍മാണ കാലയളവില്‍ തന്നെ ഇരുമ്പുപാലം എന്ന പദ്ധതിയെ വിദഗ്ദര്‍ എതിര്‍ത്തിരുന്നു. അതിനെ ശരിവച്ചു കൊണ്ട് കേവലം പത്ത് വര്‍ഷത്തിനുള്ളില്‍ തുരുമ്പു പിടിച്ചു ദ്രവിച്ച് പാലം കാലഹരണപ്പെട്ടു. ഈ കാര്യം നാട്ടുകാരും തൊഴിലാളികളും രേഖാമൂലം പലപ്പോഴും കമ്പനിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.ഇടയ്ക്ക് കമ്പനിയിലേക്കുള്ള വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമായി ജങ്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്നലെ ജങ്കാര്‍ സര്‍വീസ് നടത്തിയില്ല എന്നും പറയപ്പെടുന്നു. നാളുകളായി മൈനിങ് പ്രദേശത്തെ ജനങ്ങള്‍ തൊഴില്‍ സ്ഥിരതയ്ക്കായി സമരം നടത്തിവരികയായിരുന്നു. അതിന്റെ ഭാഗമായി ഇന്നലെ തൊഴിലാളികളുടെ സംയുക്ത സംഘം കമ്പനിക്ക് മുന്നില്‍ ധര്‍ണ നടത്തി പാലത്തില്‍ കയറി തിരികെ വരികയും അതേ സമയം എതിര്‍ ദിശയില്‍ നിന്നും കമ്പനി സ്ഥിരം തൊഴിലാളികള്‍ കമ്പനിയിലേക്ക് ജോലിക്കായി വരികയും ചെയ്തു. തുടര്‍ന്ന് പാലം വന്‍ ശബ്ദത്തോടെ ഒടിയുകയും കമ്പനി ദിശയില്‍ നിന്നുള്ള പ്രധാന തൂണ്‍ കടപുഴകി കനാലിലേക്ക് പതിക്കുകയായിരുന്നു. പാലം തകരുന്ന സമയത്ത് നൂറോളം ആളുകള്‍ പാലത്തിലുണ്ടായിരുന്നു. ആ സമയം ജനത്തിരക്ക് ഒഴിവാക്കാന്‍ ജങ്കാര്‍ സര്‍വീസ് നടത്തുന്നതിന് പകരം സമരം പൊളിക്കാന്‍ വേണ്ടി ജങ്കാര്‍ ഒഴിവാക്കുകയായിരുന്നു കമ്പനി അധികൃതര്‍ എന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it