വരുംദിവസങ്ങളില്‍ വേനല്‍മഴ ശക്തമാവും; കൊടും ചൂടിന് ആശ്വാസം

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാവുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത രണ്ടുദിവസം കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. ഏകദേശം ഏഴ് സെന്റിമീറ്ററില്‍ കൂടുതല്‍ മഴയാവും പലയിടങ്ങളിലും ലഭിക്കുക.
18 വരെ സംസ്ഥാനത്തുടനീളം വേനല്‍മഴ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലും അടുത്ത മൂന്നുദിവസത്തേക്ക് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഇതോടെ ചൂടില്‍ രണ്ട് ഡിഗ്രിയുടെ കുറവുണ്ടാവുമെന്നാണു വിലയിരുത്തല്‍. ഇത്തവണ ഇതുവരെ ലഭിച്ച വേനല്‍മഴയില്‍ 45 ശതമാനം കുറവുണ്ടായെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ കഴിഞ്ഞദിവസം വരെ 20 സെമീ മഴ ലഭിക്കേണ്ടിടത് ലഭിച്ചത് 11 സെമീ മാത്രം. കാസര്‍കോട് ജില്ലയില്‍ വേനല്‍മഴയില്‍ 99 ശതമാനത്തിന്റെ കുറവുണ്ടായി. കണ്ണൂരില്‍ 74 ശതമാനം മഴ കുറഞ്ഞു. കോഴിക്കോട്ട് 64 ശതമാനത്തിന്റെയും പാലക്കാട്ട് 56 ശതമാനത്തിന്റെയും കുറവുണ്ടായി.
എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരണ്ട കാറ്റ് ഇന്ത്യന്‍ തീരത്തേക്കടിച്ചതും ആഗോളതാപനവുമാണ് മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വേനല്‍ കടുക്കാന്‍ കാരണം. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പലയിടത്തും ഇടിയോടുകൂടിയ ശക്തമായ മഴ പെയ്തു. ഇന്നലെ ഇടുക്കിയിലും നെയ്യാറ്റിന്‍കരയിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 9 സെന്റീമീറ്റര്‍. ആലത്തൂര്‍, എനമക്കല്‍, വടക്കാഞ്ചേരി- ഏഴു സെമീ, പിറവം, പീരുമേട് ആറു സെമീ, തൊടുപുഴ, കുരുടാമണ്ണില്‍-അഞ്ച് സെമീ, കുന്നംകുളം, വെള്ളാണിക്കര, ചെങ്ങന്നൂര്‍, മൈലാടുംപാറ-നാലു സെമീ, പെരിന്തല്‍മണ്ണ, ചിറ്റൂര്‍, കൊല്ലംകോട്, കൊയിലാണ്ടി, ചാലക്കുടി, കൊച്ചി, പെരുമ്പാവൂര്‍, കായംകുളം മൂന്ന് സെന്റീമീറ്റര്‍ വീതവും മഴ ലഭിച്ചു.
ഇന്നലെവരെ അത്യുഷ്ണ സാധ്യതയ്ക്കു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയെങ്കിലും വേനല്‍മഴ തുടങ്ങിയതോടെ വരുംദിവസങ്ങളില്‍ ഇതിനുള്ള സാധ്യത ഒഴിവായിട്ടുണ്ട്. വേനല്‍മഴയില്‍ തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളില്‍ വ്യാപക കൃഷിനാശം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it