വരാപ്പുഴ സംഭവംശ്രീജിത്തിനെ റിമാന്‍ഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നു പരാതി

കൊച്ചി: വരാപ്പുഴയില്‍ പോലിസ് പിടികൂടിയ ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്ന പരാതിയില്‍ പറവൂര്‍ മുന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം സ്മിതയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍ വേണു കരുണാകരനാണ് അന്വേഷണച്ചുമതല. റിപോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് നിര്‍ദേശം.
വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ പോലിസ് പിടികൂടിയത്. അടുത്ത ദിവസം ശ്രീജിത്തടക്കമുള്ള പ്രതികളെ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റിനോട് അനുമതി തേടിയെങ്കിലും അനുവാദം നല്‍കിയില്ലെന്നാണ് പോലിസിന്റെ പരാതി. കസ്റ്റഡിയിലെ മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് പിന്നീട് മരിച്ചു. ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ എത്തിച്ചിരുന്നെങ്കില്‍ മര്‍ദനമേറ്റ വിവരം പറയാനും ചികില്‍സ തേടാനും അയാള്‍ക്ക് കഴിയുമായിരുന്നു എന്നാണ് പോലിസിന്റെ പരാതി. മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ കെ ഹരിപാലിനും ലഭിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹം സംഭവത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോടു വിശദീകരണം തേടി റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് അന്വേഷണം നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്മിതയെ ഹൈക്കോടതി ഞാറക്കല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു.
Next Story

RELATED STORIES

Share it