Flash News

വരാപ്പുഴ: നിയമോപദേശം നല്‍കാതെ ഒളിച്ചുകളിച്ച് ഡിജിപിയുടെ ഓഫിസ്‌

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണ കേസില്‍ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാകാതെ അന്വേഷണസംഘം. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) നിലപാട് അറിയിക്കാത്തതാണ് തീരുമാനം വൈകുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിയോട് ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടിയിരുന്നു. കഴിഞ്ഞ മാസം 17ന് നിയമോപദേശം തേടിയയെങ്കിലും മൂന്നാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല.
റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപവത്കരിച്ചതിലും  വഴിവിട്ട് സഹായിച്ചതിലും ജോര്‍ജിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തി സസ്‌പെന്‍ഷന്‍ അടക്കമുള്ള വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. അതേസമയം, കൊലപാതകത്തില്‍ നേരിട്ട് ജോര്‍ജ് ഇടപെട്ടതിന് തെളിവ് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
അതേസമയം, എടപ്പാള്‍ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടേണ്ടതിനാലാണ് വരാപ്പുഴ നിയമോപദേശം വൈകിയതെന്നു ഡിജിപി ഓഫിസ് വിശദീകരിച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കുമെന്ന സൂചനയാണ് ഡിജിപി ഓഫിസില്‍ നിന്നു ലഭിക്കുന്നത്.
എന്നാല്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ എസ്പിയെ പ്രതിചേര്‍ക്കാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it