വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അടിയന്തരപ്രമേയം അനുവദിച്ചില്ല; ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ഇതേത്തുടര്‍ന്നു നിയമസഭ പിരിഞ്ഞു. അടിയന്തരപ്രമേയ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി ബഹളംവച്ചു. ഇതോടെ സ്പീക്കര്‍ സഭ താല്‍ക്കാലികമായി പിരിയുന്നതായി അറിയിച്ചു.
സഭാനടപടികള്‍ തുടരാന്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവുമായും മുഖ്യമന്ത്രിയുമായും വെവ്വേറെ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ല. സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം അനുവദിക്കാതെ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. ഇതോടെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറെ മറച്ചു ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ബാനര്‍ ഉയര്‍ത്തി സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതി ആവര്‍ത്തിക്കുകയാണെന്നും രാജ്യത്ത് മറ്റൊരു നിയമസഭയിലുമില്ലാത്ത നടപടി അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹര്യം ചര്‍ച്ചയ്‌ക്കെടുക്കണം എന്ന ആവശ്യം ഉന്നയിച്ച് വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
തുടക്കത്തില്‍ പ്രമേയം അനുവദിക്കാമെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ പ്രമേയം അനുവദിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഇതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന്് സ്പീക്കറും നിലപാട് സ്വീകരിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികളായ പോലിസുകാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വരാപ്പുഴ കേസില്‍ പോലിസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി കുറ്റാരോപിതനായ എസ്പിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
Next Story

RELATED STORIES

Share it