വരാപ്പുഴ കസ്റ്റഡിമരണക്കേസ്: ഉന്നതരെ രക്ഷിക്കാന്‍ നീക്കമെന്ന് ചെന്നിത്തല

കൊച്ചി/തൃശൂര്‍: വരാപ്പുഴ കസ്റ്റഡിമരണക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മൂന്ന് പോലിസുകാരെ ബലിയാടാക്കി എസ്‌ഐ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പോലിസുകാര്‍ പ്രതികളായ കൊലക്കേസ് പോലിസ് അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകും. ടൈഗര്‍ ഫോഴ്‌സിന്റെ ചുമതല ഉണ്ടായിരുന്ന ആലുവ റൂറല്‍ എസ്പിക്ക് കേസിലുള്ള പങ്ക് വ്യക്തമാക്കണം. ആരെ സഹായിക്കാനാണ് എസ്പി ജോര്‍ജിനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരുടെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ പിടികൂടുകയും മര്‍ദിക്കുകയും ചെയ്തതെന്ന വസ്തുത പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോലിസ് പ്രതികളായ കേസുകള്‍ പോലിസ് അന്വേഷിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതി ഉത്തരവ് അംഗീകരിക്കാതെയാണ് വരാപ്പുഴ കേസ് സംസ്ഥാന പോലിസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതിന്റെ പിന്നിലും ദുരൂഹതയുണ്ട്. കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാരിന് മുന്നിലുള്ള തടസ്സം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. പോലിസ് സ്റ്റേഷനില്‍ പോവുന്നതിലും ഭേദം തൂങ്ങിമരിക്കുന്നതാണ് എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. പോലിസിനെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചു. ആഭ്യന്തരവകുപ്പ് നാഥനില്ലാക്കളരിയായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരേ മെയ് 8നു സംസ്ഥാനവ്യാപകമായി യുഡിഎഫ് പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്യുമെന്നും അദേഹം അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചെങ്ങാലൂരില്‍ ഭര്‍ത്താവ് തീക്കൊളുത്തി കൊന്ന ദലിത് യുവതി ജീതുവിന്റെ കുടംബത്തിന് പട്ടികജാതി കമ്മീഷന്‍ അടിയന്തര ധനസഹായം അനുവദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കവേ മന്ത്രി എ കെ ബാലനുമായും പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ മാവോജിയുമായും ഫോണില്‍ ബന്ധപ്പെട്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
Next Story

RELATED STORIES

Share it