വരാപ്പുഴ കസ്റ്റഡിമരണം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട നിയമോപദേശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചു. തുടര്‍ന്ന് സബ്മിഷനായി വിഷയം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
കേരളത്തിലെ ആദ്യ കസ്റ്റഡിമരണമല്ല വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം തൃപ്തി അറിയിച്ചിട്ടുണ്ട്.
കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രതിചേര്‍ക്കണോ എന്ന കാര്യത്തില്‍ പോലിസ് നിയമോപദേശം തേടിയതില്‍ അസ്വാഭാവികമായി യാതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. കേസില്‍ ആരെയെങ്കിലും ഒഴിവാക്കിയെന്നു തെളിഞ്ഞാല്‍ കോടതി ഇടപെടും. ശ്രീജിത്തിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടെന്നത് വസ്തുതയാണെങ്കിലും നിലവിലെ അന്വേഷണം ഫലപ്രദമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്നായിരുന്നു ആദ്യം മുതലേ സ്പീക്കറുടെ മറുപടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റൂറല്‍ എസ്പിയെ സംരക്ഷിക്കാനുള്ള നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു.
വരാപ്പുഴ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം കിട്ടിയിരിക്കുകയാണ്. നാട് മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷം സഭയില്‍ അവതരിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ താല്‍പര്യം മാനിച്ച് സബ്മിഷന്‍ മാത്രമേ അനുവദിക്കാനാകൂ എന്ന നിലപാടില്‍ ഉറച്ചുനിന്ന സ്പീക്കര്‍ സഭാനടപടികളുമായി മുന്നോട്ടുപോയി.
വരാപ്പുഴ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സബ്മിഷന്‍ അവതരിപ്പിക്കവെ വി ഡി സതീശന്‍ ആരോപിച്ചു. കേസില്‍ ആരോപണവിധേയനായ എസ്പി കുടുങ്ങിയാല്‍ സിപിഎമ്മുകാര്‍ പലരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it