വരാപ്പുഴ കസ്റ്റഡിമരണം; ആലുവ റൂറല്‍ ജില്ലാ പോലിസില്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ നീക്കം

ആലുവ: സര്‍ക്കാരിനും പോലിസിനും ചീത്തപ്പേരുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ ആലുവ റൂറല്‍ ജില്ലയിലെ പോലിസ് സംവിധാനത്തില്‍ അടിയന്തര അഴിച്ചുപണിക്ക് നീക്കം. റൂറല്‍ പോലിസിനെ നയിച്ചിരുന്ന എസ്പി പോലും കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാവുകയും എസ്പിയെ ഉടന്‍ സ്ഥലംമാറ്റുകയും ചെയ്തതോടെയാണ് അടുത്ത നടപടിയായി റൂറല്‍ ജില്ലാ പോലിസില്‍ അടിയന്തര അഴിച്ചുപണി തന്നെ വേണമെന്ന നിര്‍ദേശമുയര്‍ന്നിട്ടുള്ളത്.
വരാപ്പുഴ സംഭവത്തില്‍ റൂറല്‍ എസ്പിയെ ഭരണകക്ഷി തന്നെ രക്ഷപ്പെടുത്തിയതിലും സിഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കിയതിലും പോലിസ് സേനയ്ക്കുള്ളില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്.
വരാപ്പുഴ സംഭവത്തോടെ റൂറല്‍ ജില്ലയില്‍ പോലിസിന് കൃത്യമായ ദിശാബോധം നഷ്ടപ്പെട്ടതായി ഭരണകക്ഷിയില്‍ നിന്നു തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് മുമ്പുതന്നെ റൂറല്‍ എസ്പി അടക്കമുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരേ ഭരണകക്ഷി നേതാക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
ആലുവ നഗരത്തിലെ ഗതാഗതപ്രശ്‌നത്തില്‍ ഉള്‍പ്പെടെ സിപിഎം ജില്ലാ നേതാക്കളെയടക്കം റൂറല്‍ എസ്പി വകവയ്ക്കാതിരുന്നതും നേതാക്കളില്‍ അമര്‍ഷത്തിനു വഴിവച്ചിരുന്നു. ഭരണകക്ഷിയിലെ കണ്ണൂര്‍ ലോബിയാണ് എസ്പിയെ സഹായിക്കുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു. വരാപ്പുഴ സംഭവത്തിലും ഇവര്‍ തന്നെയാണ് എസ്പിയെ സഹായിക്കുന്നതെന്നാണ് ജില്ലയിലെ സിപിഎം നേതാക്കള്‍ക്കിടയില്‍ സംസാരം.
Next Story

RELATED STORIES

Share it