വരവറിയിച്ച് പൂനെ

മുംബൈ: ഒമ്പതാമത് ഐപിഎല്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ കന്നി വിജയവുമായി പുതുമുഖ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് പൂനെ പിടിച്ചുകെട്ടിയത്. 32 ബോളുകള്‍ ബാക്കി നില്‍ക്കേ 126 റണ്‍സ് നേടി 121 റണ്‍സെന്ന വിജയലക്ഷ്യം കടക്കാന്‍ പൂനെക്ക് കഴിഞ്ഞു. 42 ബോളില്‍ നിന്ന് 66 റണ്‍ നേടി പുറത്താവാതെ നിന്ന അജന്‍ക്യ രഹാനെയാണ് പൂനെയുടെ വിജയശില്‍പി. പൂനെക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങിയ ഫഫ് ഡു പ്ലെസിസ് 33 ബോളില്‍ നിന്ന് 34 റണ്‍സും കെവിന്‍ പീറ്റേഴ്‌സണ്‍ പുറത്താവാതെ 14 ബോളില്‍ നിന്നു 21 റണ്‍സും നേടി.മൂന്ന് സിക്‌സറുകളടക്കം 10 ബൗണ്ടറികള്‍ രഹാനെ നേടി. പ്ലെസിസ് മൂന്ന് സിക്‌സറുകളടക്കം നാലു ബൗണ്ടറികളും പീറ്റേഴ്‌സണ്‍ രണ്ടു സ്‌ക്‌സറുകളുമെടുത്തു.
പൂനെയുടെ മികച്ച ബൗളിങിനു മുന്നില്‍ പതറിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 121 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഒരുഘട്ടത്തില്‍ മുംബൈ 100 റണ്‍സ് പോലും കടക്കില്ലെന്ന സ്ഥിതിയിലായിരുന്നു.
എന്നാല്‍, വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ (45*) ഒറ്റയാള്‍ പോരാട്ടം മുംബൈ സ്‌കോര്‍ 100 കടത്തുകയായിരുന്നു. 30 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ഹര്‍ഭജന്‍ മുംബൈയുടെ ടോപ്‌സ്‌കോററായത്. 22 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 27 പന്തില്‍ രണ്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്. ആര്‍ വിനയ് കുമാര്‍ 12 റണ്‍സ് നേടി.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, രോഹിതിന്റെ തന്ത്രങ്ങള്‍ പൂനെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കു മുന്നില്‍ പാളുന്ന കാഴ്ചയാണ് തുടക്കത്തില്‍ തന്നെ കാണാനായത്. ഇതോടെ മുംബൈ 15.1 ഓവറില്‍ ഏഴു വിക്കറ്റിന് 68 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇശാന്ത് ശര്‍മ, മിച്ചെല്‍ മാര്‍ഷ് എന്നിവരുടെ മികച്ച ബൗളിങാണ് മുംബൈയെ പ്രതിരോധത്തിലാക്കിയത്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് പൂനെയ്ക്കു വേണ്ടി വീഴ്ത്തിയത്.
ആര്‍ പി സിങ്, രജത് ഭാട്ടിയ, മുരുകന്‍ അശ്വിന്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. ലെന്‍ഡി സിമോണ്‍സ് (8), രോഹിത് (7), ഹാര്‍ദിക് പാണ്ഡ്യ (9), ജോസ് ബട്ട്‌ലര്‍ (0), കിരോണ്‍ പൊള്ളാര്‍ഡ് (1) എന്നിവരാണ് മുംബൈ ബാറ്റിങ് നിരയില്‍ നിറംമങ്ങിയത്.
Next Story

RELATED STORIES

Share it