വരള്‍ച്ച: 58,000 സോമാലിയന്‍ കുഞ്ഞുങ്ങള്‍ മരണത്തിന്റെ വക്കിലെന്ന് യുഎന്‍

ന്യൂയോര്‍ക്ക്: അടിയന്തര സഹായം ലഭ്യമാക്കിയില്ലെങ്കില്‍ ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ സോമാലിയയില്‍ 58,000 പേര്‍ പട്ടിണി മരണത്തിനു കീഴടങ്ങേണ്ടി വരുമെന്ന് യുഎന്‍ മുന്നറിയിപ്പ്. ആഭ്യന്തര സംഘര്‍ഷങ്ങളും എല്‍നിനോ പ്രതിഭാസവും രാജ്യത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നും യുഎന്‍ ഉദ്യോഗസ്ഥന്‍ പീറ്റര്‍ ക്ലെറിക് പറഞ്ഞു. അഞ്ചു വയസ്സിന് താഴെയുള്ള 3,05,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. സോമാലിയന്‍ ജനസംഖ്യയുടെ 40 ശതമാനമായ 47 ലക്ഷം പേര്‍ സഹായം ആവശ്യമുള്ളവരാണെന്നും 9,50,000 പേര്‍ നിത്യവൃത്തിക്കായി കടുത്ത പോരാട്ടം തന്നെയാണ് നടത്തുന്നതെന്നും യുഎന്‍ വ്യക്തമാക്കി. നാലു വര്‍ഷമായി തുടരുന്ന ശക്തമായ വരള്‍ച്ചയുടെയും ആഭ്യന്തരസംഘര്‍ഷങ്ങളുടെയും ഫലമായി രണ്ടരലക്ഷത്തിലധികം പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട സോമാലിയയില്‍ കടുത്ത വരള്‍ച്ചയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
സ്വയം പ്രഖ്യാപിത സ്വതന്ത്ര സോമാലിലാന്‍ഡ് ഉള്‍പ്പെടെയുള്ള വടക്കന്‍ സോമാലിയന്‍ പ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്. അയല്‍രാജ്യമായ എത്യോപ്യയും വരള്‍ച്ചയുടെ പിടിയിലാണ്.
Next Story

RELATED STORIES

Share it