വരള്‍ച്ച: സ്വകാര്യ ബില്ല് പരിഗണിക്കണം- രാഷ്ട്രപതി

ന്യൂഡല്‍ഹി: വരള്‍ച്ചബാധിത പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് സഹായം ആവശ്യപ്പെടുന്ന സ്വകാര്യ ബില്ല് പരിഗണിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശുപാര്‍ശ ചെയ്തു. 2014 ഡിസംബറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലാണ് രാഷ്ട്രപതി ശുപാര്‍ശ ചെയ്തത്. കാര്‍ഷിക മേഖലയിലെ ക്ഷേമനിധിക്കു പ്രാഥമികമായി 10,000 കോടി നീക്കിവയ്ക്കണമെന്നും ബില്ലിലുണ്ട്. ബില്ല് അംഗീകരിക്കുകയാണെങ്കില്‍ ഇത്രയും തുക മാറ്റിവയ്‌ക്കേണ്ടിവരും. വര്‍ഷത്തില്‍ 20,000 കോടി രൂപ ആവര്‍ത്തനച്ചെലവായി വരള്‍ച്ചയ്ക്കു മാറ്റിവയ്ക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര കൃഷിമന്ത്രി രാധ മോഹന്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് അയച്ച കത്തില്‍ ഈ ബില്ലിനെപ്പറ്റി സൂചന നല്‍കിയിരുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും രാജസ്ഥാനിലെ മരുപ്രദേശങ്ങളിലും വേനല്‍ക്കാലത്ത് കൊടുംചൂടും ശീതകാലത്ത് കൊടും തണുപ്പും അനുഭവപ്പെടുന്നുണ്ടെന്നും അവിടെ മഴ വളരെ കുറവാണെന്നും ബില്ലില്‍ പട്ടേല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആന്ധ്രപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ മുതലായ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായ വരള്‍ച്ച അനുഭവപ്പെടുന്നതായും ബില്ലില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ വിളനാശം മൂലം ദുരിതമനുഭവിക്കുകയാണെന്നും കടക്കെണിയിലായ അവര്‍ക്ക് ആശ്വാസ നടപടികള്‍ വേണമെന്നും ബില്ലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it