kasaragod local

വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍

കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും അടിയന്തിരമായി ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിനും ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ജില്ലാതല വരള്‍ച്ചാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപ വരെയും നഗരസഭകള്‍ക്ക് 15 ലക്ഷം രൂപ വരെയും പ്ലാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാം. നിലവില്‍ വിതരണം ചെയ്യുന്നതിലധികം പ്രദേശങ്ങളില്‍ കുടിവെള്ളം ആവശ്യമെങ്കില്‍ റവന്യു-പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ലഭ്യമാക്കും.
ജില്ലയില്‍ റവന്യു വിഭാഗം വിതരണം ചെയ്യുന്നതില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജല വിതരണം നടത്തേണ്ടിവന്നാല്‍ അതിന് പഞ്ചായത്തുകളും നഗരസഭകളും മുന്‍കൈയെടുക്കും. ഇതിനായി താലൂക്ക് തലത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് രണ്ട് ദിവസത്തിനകം നടപടിയെടുക്കും. സ്വകാര്യ വ്യക്തികളുടെ കുടിവെള്ള സ്രോതസ്സുകളെ അനുമതിയോടെ ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. നിലവില്‍ വെള്ളം കൊടുക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായി നല്‍കുന്നതിനും രണ്ട് ദിവസത്തില്‍ ഒരിക്കല്‍ വെള്ളം നിര്‍ബന്ധമായും കൊടുക്കുന്നതിനും തഹസില്‍ദാര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
സര്‍ക്കാരേതര സംഘടനകളുടെ സഹകരണത്തോടെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രാഷ്ട്രീയേതര സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കും. സര്‍ക്കാരേതര സംഘടനകള്‍ വിതരണം ചെയ്യുന്ന കുടിവെള്ളവും പരിശോധനയ്ക്ക് വിധേയമാക്കും. പ്രാഥമിക കണക്കനുസരിച്ച് ജില്ലയില്‍ ഇതുവരെ വരള്‍ച്ചയില്‍ 1348 ഹെക്ടര്‍ സ്ഥലത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. 1.90 കോടി രൂപയുടെ വിളനാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ അറിയിച്ചു.
വേനലില്‍ മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റതായി ഡിഎംഒ അറിയിച്ചു. സാരമായ പരിക്കുകളില്ല. ചൂട് കൂടുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളിലും അങ്കണവാടികളിലും ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഇത് ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിതരണം നടത്തുക.
വേനലവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. പ്രൈവറ്റ്, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ അവധി നല്‍കുന്നത് പരിഗണിക്കും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലുള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കിണറുകളും കുളങ്ങളും ജലസ്രോതസ്സുകളും നവീകരിച്ച് പരമാവധി കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭൂഗര്‍ഭ ജലവകുപ്പ് ഹാന്‍ഡ് പമ്പ് അറ്റകുറ്റപ്പണികള്‍ക്കും കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ച് അടിയന്തിരനടപടി സ്വീകരിക്കും. കേരള ജല അതോറിറ്റി കിണറുകള്‍ ആഴം കൂട്ടുന്നതുള്‍പ്പെടെ 1.50 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.
എഡിഎം വി പി മുരളീധരന്‍, തഹസില്‍ദാര്‍മാരായ കെ എസ് സുജാത, കെ പരമേശ്വരന്‍ പോറ്റി,സജി എഫ് മെന്‍ഡിസ്, കെ രവികുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it