wayanad local

വരള്‍ച്ച; ചോലകള്‍ തേടി വന്യമൃഗങ്ങള്‍

പനമരം: വേനല്‍ച്ചൂട് കടുത്തതോടെ കുടിവെള്ളം തേടി കര്‍ണാടക, തമിഴ്‌നാട് വനാതിര്‍ത്തിയില്‍ നിന്നു വയനാടന്‍ കാടുകളിലേക്ക് വന്യമൃഗങ്ങളുടെ പലായനം തുടങ്ങി. കര്‍ണാടകയിലെ ഉഷ്ണമേഖലയില്‍ ജനുവരി, ഫെബ്രുവരി മാസം പിന്നിടുന്നതോടെ ഇലപൊഴിച്ചില്‍ പതിവാണ്. കാട്ടിലെ ജലാശയങ്ങളും വറ്റിവരളും.
മുളങ്കാടുകള്‍ പൂത്ത് നശിച്ചതോടെ ഭക്ഷണം തേടി വയനാട് വനഗ്രാമങ്ങളിലേക്കാണ് വന്യമൃഗങ്ങളുടെ യാത്ര. ഉഷ്ണമേഖലാ വനങ്ങളില്‍ കാട്ടുതീ കൂടി പതിവായതോടെ വയനാടന്‍ വന്യജീവി സങ്കേതത്തില്‍ മൃഗങ്ങളുടെ ആവാസമേഖല വിശാലമായിട്ടുണ്ട്. വന്യജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ നിരവധി കുളങ്ങള്‍ വനം- വന്യജീവി വകുപ്പ് വയനാടന്‍ കാടുകളില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതു കൊടും വേനലില്‍ വന്യജീവികള്‍ക്ക് ഏറെ ആശ്വാസമാണ്. കാട്ടുതീ തടയുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നതെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ല.
ഇതിനോടകം തന്നെ വിവിധയിടങ്ങളില്‍ കാട്ടുതീ കാരണം ഏക്കര്‍ കണക്കിന് വനം ഇതിനോടകം നശിച്ചു. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലയിടങ്ങളില്‍ ഏറുമാടങ്ങള്‍ സ്ഥാപിച്ച് വന്യജീവി വകുപ്പ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വന്യജീവി സങ്കേതത്തില്‍ നിന്നു വേനലിലാണ് കൂടുതല്‍ മൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.
ഇവയെ തടയാനുള്ള പരമ്പരാഗത സംവിധാനങ്ങള്‍ ഗുണകരമല്ലെന്നു കണ്ട് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വനത്തോട് ചേര്‍ന്ന് ചുറ്റുമതില്‍ നിര്‍മിച്ചെങ്കിലും ഭിത്തികള്‍ ഇടിച്ചും വൈദ്യുതി കമ്പികള്‍ തകര്‍ത്തുമാണ് മൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.
Next Story

RELATED STORIES

Share it