kannur local

വരള്‍ച്ച: കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ തീരുമാനം

കണ്ണൂര്‍:  ഇക്കുറി കടുത്ത വരള്‍ച്ച പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സജീവമായി ഇടപെടാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
എല്ലായിടത്തും ജലക്ഷാമം രൂക്ഷമാവുകയാണ്. കിണറുകളില്‍ വെള്ളം നന്നേ കുറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്ഥിതി കുറേക്കൂടി തീവ്രമാവും. അതിനാല്‍ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വകുപ്പും നേരത്തെ തന്നെ ഇടപെടല്‍ നടത്തി സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളും പോരായ്മകളും ഉണ്ടെങ്കില്‍ ഉടന്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശിച്ചു.
നിലവില്‍ ടാങ്കറുകളില്‍ വെള്ളം വിതരണം ആരംഭിച്ചിട്ടില്ല. ജില്ലയെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ ടാങ്കറുകളില്‍ വെള്ളം വിതരണം റവന്യുവകുപ്പ് നടത്തും. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉടന്‍ നടപടിയെടുക്കാം. മാര്‍ച്ച് 31 വരെ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷം, നഗരസഭകള്‍ക്ക് 11 ലക്ഷം, കോര്‍പറേഷന് 16.5 ലക്ഷം എന്നിങ്ങനെ തുക വിനിയോഗിക്കാന്‍ തദ്ദേശഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ ടാങ്കറുകളില്‍ വഴി വെള്ളം വിതരണം ചെയ്യാന്‍ തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍നിന്നോ ഈ തുക വിനിയോഗിക്കാം. ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ കുടിവെള്ള വിതരണത്തിന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.5 ലക്ഷവും കോര്‍പറേഷന് 22 ലക്ഷം രൂപയും വിനിയോഗിക്കാം. ജില്ലയില്‍ നിലവില്‍ 650 വാട്ടര്‍ കിയോസ്‌കുകള്‍ ഉണ്ട്. ഇവയെല്ലാം കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണെന്ന് തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണം. അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ അടിയന്തരമായി ചെയ്യാന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പി കെ ശ്രീമതി എംപി, ടി വി രാജേഷ് എംഎല്‍എ, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എംഎല്‍എമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it