വരള്‍ച്ച: കര്‍ണാടകയ്ക്കും പുതുച്ചേരിക്കും 750 കോടി കേന്ദ്രസഹായം

ന്യൂഡല്‍ഹി: വരള്‍ച്ചബാധിത സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും പുതുച്ചേരിക്കും അരുണാചല്‍പ്രദേശിനും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. മൊത്തം 844 കോടിരൂപയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്കുമായി നല്‍കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ക്കു സഹായം നല്‍കാന്‍ തീരുമാനമായത്.
നേരത്തെ വെള്ളപ്പൊക്കവും ഇപ്പോള്‍ വരള്‍ച്ചയും രൂക്ഷമായി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചത്. മൊത്തം തുകയില്‍ 723 കോടി രൂപയും കര്‍ണാടകയ്ക്കാണ്. 35 കോടി പുതുച്ചേരിക്കും 85 കോടി രൂപ അരുണാചല്‍പ്രദേശിനും നല്‍കും. അരുണാചലിനു ലഭിക്കുന്ന 85 കോടി രൂപയില്‍ 18 കോടി രൂപ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി (എന്‍ആര്‍ഡിഡബ്ല്യുപി)യിലേക്കാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാ മോഹന്‍സിങ്, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹിര്‍ശി, ആഭ്യന്തര ധനകാര്യ കൃഷിമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
കര്‍ണാടകയും മഹാരാഷ്ട്രയും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഈ സംസ്ഥാനങ്ങള്‍ക്കായി ഇതേവരെ 10,000 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ വരള്‍ച്ച മുഖ്യപ്രശ്‌നമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമം തുടങ്ങി.
നിരവധി അംഗങ്ങള്‍ ഇതിനായി നോട്ടീസ് നല്‍കി. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് അംഗങ്ങളായ ആനന്ദ് ശര്‍മ, ഹുസയ്ന്‍ ദല്‍വായ്, ദുബനേശ്വര്‍ കാളിത, രജനി പാട്ടില്‍, വിപ്ലവ് ഠാക്കൂര്‍, മുഹമ്മദ് അലിഖാന്‍ തുടങ്ങിയവരാണ് രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിക്ക് ചര്‍ച്ചയാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
അംഗങ്ങളുടെ ആവശ്യം സഭാ അധ്യക്ഷന്‍ അംഗീകരിക്കുകയും ഈ മാസം 27നു വിഷയം ചര്‍ച്ചയ്ക്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. വരള്‍ച്ച പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രം സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഐയും വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിൡച്ച് പ്രധാനമന്ത്രി വരള്‍ച്ചയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.
ഇതിനിടെ, തിങ്കളാഴ്ചത്തെ സഭാ നടപടികള്‍ തടസ്സപ്പെടാതിരിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു.
Next Story

RELATED STORIES

Share it