Kottayam Local

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു

കോട്ടയം: വരള്‍ച്ച നേരിടുന്നതിനു ജില്ലയില്‍ നടപ്പാക്കിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അതത് തദ്ദേശസ്വയം ഭരണസ്ഥാപന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചു നല്‍കി വരുന്നു. വെള്ളത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ജലക്ഷാമം നേരിടുന്നതായി പരാതി ഉയരുന്ന പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍ നേരിട്ട് അന്വേഷണം നടത്തി റിപോര്‍ട്ട് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കണം.
ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാര്‍ റിപോര്‍ട്ട് തയ്യാറാക്കി ആര്‍ഡിഒയ്ക്കു നല്‍കുന്ന മുറയ്ക്ക് കുടിവെള്ളം ലഭ്യമാക്കും. വിതരണം ചെയ്യുന്ന വെള്ളത്തിന്റ അളവ് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ വിവരം ആര്‍ഡിഒമാരെ അറിയിച്ചാല്‍ കൂടുതല്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളെടുക്കും. സ്വന്തം ഫണ്ട് ഉപയോഗിച്ചും കുടിവെള്ളം ലഭ്യമാക്കണമെന്ന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. വിതരണം പൂര്‍ത്തിയാവുന്നതുവരെ ഇതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ വിതരണ വാഹനത്തോടൊപ്പമുണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു.
ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നിര്‍മാണാനുമതി നല്‍കിയിട്ടുള്ള വീടുകളുള്‍പ്പെടെയുള്ള കെട്ടിടങ്ങളിലെ മഴവെള്ള സംഭരണികളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് ഉടന്‍ റിപോര്‍ട്ട് നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടു. വരള്‍ച്ച മൂലമുണ്ടായ കൃഷി നാശം സംബന്ധിച്ച റിപോര്‍ട്ട് അതതു ദിവസം തന്നെ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയോ എസ്എംഎസ് സന്ദേശമയക്കുകയോ ചെയ്യണമെന്നും കൃഷി നാശം സംഭവിച്ചിട്ടുള്ളവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കി നല്‍കണമെന്നും കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വേനല്‍ക്കാല രോഗങ്ങളെ ചെറുക്കുന്നതിനു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്ന് വിശദീകരണം തേടി. വരും കാലങ്ങളില്‍ ജില്ലയിലുണ്ടായേക്കാവുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 26ന് ജല അതോറിറ്റി- പൊതുമരാമത്ത്-ഭൂജല വകുപ്പ് എന്‍ജിനീയര്‍മാരുടെ യോഗം ചേരുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it