palakkad local

വരള്‍ച്ചാ പ്രതിരോധം: മഴവെള്ളം സംഭരിക്കാന്‍ നടപടിയെടുക്കും

പാലക്കാട്: വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി മഴവെള്ളവും ഒഴുക്ക് വെള്ളവും പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ ജലസ്രോതസ്സുകള്‍ നിറയ്ക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ വിനിയോഗിച്ച് കിണര്‍ റീചാര്‍ജിങിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
നെല്‍കൃഷിക്ക് കൂലിചെലവ് സബ്‌സിഡി ഹെക്ടറിന് 17000 രൂപയായി നിശ്ചയിച്ചും ഒരു വര്‍ഷം പരമാവധി രണ്ട് സീസണില്‍ സബ്‌സിഡി നല്‍കാമെന്നും മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജില്ലാ-ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രൊജക്ടുകള്‍ ഏറ്റെടുക്കാമെന്നും വ്യക്തമാക്കി 2018 ഫെബ്രുവരി 14 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
എന്നാല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മതിയായ ഫണ്ട് വകയിരുത്താത്തതിനാല്‍ നെല്‍കൃഷി കൂടുതലുളള ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തോതിലുളള ധനസഹായം ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.    പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കര്‍ഷക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കുന്നതിന് വിവിധ ഉത്പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത നിരക്കില്‍ സെസ് ഏര്‍പ്പെടുത്തി നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്.
കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ഇതേ രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗം അംഗീകരിച്ചു.കൃഷി വകുപ്പിന് ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും വകുപ്പിന്റെയും ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെയും ഫണ്ടുകള്‍ ഒരേ സമയം ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും നടപടി സ്വീകരിക്കും.
കൃഷിക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ജില്ലയുടെ വെബ്‌സൈറ്റിലും പത്രക്കുറിപ്പായും പ്രസിദ്ധീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.  ജില്ലാ ജലസേചന പ്ലാന്‍, ഇന്റര്‍നഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ചേരും. കൊല്ലങ്കോട് കര്‍ഷകര്‍ക്ക് നല്‍കിയ നെല്‍വിത്തിലെ അപാകത കണ്ടെത്തുന്നതിന് കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതരോട് നേരിട്ടെത്തി പരിശോധിക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it