palakkad local

വരള്‍ച്ചബാധിത പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന: ജലവിഭവ മന്ത്രി

പാലക്കാട്: ജില്ലയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മലമ്പുഴ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യൂ ടി തോമസ്. സ്ഥലം എംഎല്‍എയും ഭരണപരിഷ്—കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ച വരള്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വരള്‍ച്ചാ ബാധിത പ്രദേശമായ മലമ്പുഴയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് വി എസ് ഉന്നയിച്ചത്. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, മുണ്ടൂര്‍(പാര്‍ട്ട്) എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 2017-18 ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച 75 കോടിയുടെ എന്‍ജിനീയറിങ് റിപോര്‍ട്ടിന് ഭരണാനുമതിക്കായി നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അമൃത് പദ്ധതി പ്രകാരം പാലക്കാട് നഗരസഭയ്ക്കായി 45 എംഎല്‍ഡി പ്ലാന്റ് നിലവിലുള്ള 21.5 എം എല്‍ ഡി ശുദ്ധീകരണ ശാല ഉപയോഗപ്പെടുത്തി മലമ്പുഴയില്‍ സ്ഥാപിക്കും. കരിമ്പ, കോങ്ങാട് ഗ്രാമപ്പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച 27.3 കോടിയുടെ എന്‍ജിനീയറിങ് റിപോര്‍ട്ട് പ്രകാരം ഉടന്‍ ഭരണാനുമതി നല്‍കും.
മലമ്പുഴ പഞ്ചായത്തിലെ നിലവിലുള്ള കടുക്കാംകുന്ന് തടയണ പൂര്‍ണമായി ഉപയോഗയുക്തമാക്കി ജലസംഭരണം നടത്തുന്നതിനായി പുനരുജ്ജീവനപ്രവൃത്തികള്‍ നടപ്പാക്കും. വെണ്ണക്കര പ്രദേശത്ത് പരദേശി കടവില്‍ ചെക്ക് ഡാം നിര്‍മിക്കുന്നതിന് പര്യവേഷണം നടത്തിയതിനുശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it