kannur local

വരള്‍ച്ചബാധിത ജില്ലകളില്‍ കണ്ണൂരും; ശുദ്ധജല വിതരണ നടപടി ഊര്‍ജിതം

കണ്ണൂര്‍: കണ്ണൂരിനെ വരള്‍ച്ചബാധിത ജില്ലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും റവന്യൂവകുപ്പിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍ നേരത്തെ സ്ഥാപിച്ച 650 വാട്ടര്‍ കിയോസ്‌കുകളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആവശ്യമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ നേരിട്ട് കുടിവെള്ളം എത്തിക്കാനാണ് തീരുമാനം.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രായോഗികപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണത്തിനായി മാര്‍ച്ച് 31 വരെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷം, നഗരസഭകള്‍ക്ക് 11 ലക്ഷം, കോര്‍പറേഷന് 16.5 ലക്ഷം എന്നിങ്ങനെ തുക ചെലവഴിക്കാന്‍ തദ്ദേശഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ ടാങ്കറുകളില്‍ വഴി വെള്ളം വിതരണം ചെയ്യാന്‍ തനത് ഫണ്ടില്‍നിന്നോ പ്ലാന്‍ ഫണ്ടില്‍നിന്നോ ഈ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാം. ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ കുടിവെള്ള വിതരണത്തിന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 11 ലക്ഷവും നഗരസഭകള്‍ക്ക് 16.5 ലക്ഷവും കോര്‍പറേഷന് 22 ലക്ഷം രൂപയും വിനിയോഗിക്കാം. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് കണ്ണൂര്‍ ഉള്‍പ്പെടെ ഒമ്പതു ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലകളിലെ ജലക്ഷാമത്തെക്കുറിച്ച് വിലയിരുത്തിയിരുന്നു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, അതോറിറ്റിയംഗം സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഈ ജില്ലകളില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ കാര്യമായ കുറവ് വന്നതായി യോഗം വിലയിരുത്തി. ഇവിടങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് പണം ഉപയോഗിക്കാവുന്നതാണെന്നും യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
Next Story

RELATED STORIES

Share it