വരയ്ക്കാന്‍ കാന്‍വാസുകള്‍ ബാക്കിയാക്കി ശാന്തനായി അശാന്തന്‍ മടങ്ങി

കൊച്ചി: ആസ്വാദകരുമായി എളുപ്പം സംവദിക്കുന്ന ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്താനാണ് അശാന്തന്‍ ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ചിത്രകലയെപ്പറ്റിയുള്ള ലോകോത്തര അറിവുക ള്‍ കൈമുതലായിരുന്നിട്ടും സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ചിത്രങ്ങളാണ് ആ കൈകളില്‍ കൂടി അധികവും വിരിഞ്ഞത്. അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുക്കുന്നതിനു തലേദിവസം വരെയും ചിത്രങ്ങള്‍ വരയ്ക്കാനും മറ്റുള്ളവരുടേത് ആസ്വദിക്കാനും അശാന്തന്‍ സമയം കണ്ടെത്തി. ദരിദ്രമായ ചുറ്റുപാടിലാണ് ജനിച്ചതെങ്കിലും ജന്മസിദ്ധമായി ലഭിച്ച കഴിവുകളാണ് അശാന്തനെ നയിച്ചത്. ചിത്രമേഖലയാണ് തന്റെ താവളമെന്ന തിരിച്ചറിവ് ജീവിതത്തിലെ വഴിത്തിരിവായി. യുവാവായിരിക്കെ തന്നെ സി എന്‍ കരുണാകരന്‍, എം വി ദേവന്‍ തുടങ്ങി ചിത്രരചനാ മേഖലയിലെ അഗ്രഗണ്യരുമായി ചങ്ങാത്തത്തിലായി. ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കണമെന്ന ആഗ്രഹമാണ് 1999ല്‍ എറണാകുളം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നന്ദന്‍ മാസ്റ്ററുടെ ചിത്രശൈലത്തിലേക്കുള്ള വഴിതുറന്നത്. നിത്യച്ചെലവിനുള്ള വകയ്ക്കായി ചെറിയ ജോലികള്‍ക്കിടയിലും പഠനം തുടര്‍ന്നു. നാലു വര്‍ഷത്തെ പഠനത്തിനൊടുവില്‍ അതേ വിദ്യാലയത്തിലെ അധ്യാപകനായും അശാന്തന്‍ ജോലി ചെയ്തു. പിന്നീട് ചിത്രരചനയില്‍ മുഴുകിയ വര്‍ഷങ്ങള്‍. വരച്ചുതീര്‍ത്ത നൂറുകണക്കിനു പെയിന്റിങുകളുമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍. ഈ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയായിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും പണത്തിനു വേണ്ടി പെയിന്റിങ് ബ്രഷ് പിടിക്കാന്‍ അശാന്തന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഗുരുസ്ഥാനീയനായ നന്ദന്‍ മാസ്റ്റര്‍ ഓര്‍ത്തെടുക്കുന്നു. അതുകൊണ്ടുതന്നെ ദരിദ്രമായ ചുറ്റുപാടുകളി ല്‍ നിന്ന് ഒരു മോചനം ഒരിക്കലും ആഗ്രഹിച്ചിരുന്നുമില്ല. ചിത്രരചനയ്ക്കു പുറമേ സാഹിത്യമായിരുന്നു ഇഷ്ടപ്പെട്ട മറ്റൊരു മേഖല. കൃഷിയും മറ്റു നാട്ടറിവുകളും ഇക്കാലയളവില്‍ മനഃപാഠമാക്കി. തനിക്ക് ലഭിച്ച അറിവുകള്‍ പുസ്തകരൂപത്തിലാക്കിയിട്ടുമുണ്ട്. യുവതലമുറയിലെ ചിത്രകാരന്മാര്‍ ഒത്തുകൂടുന്നിടത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു അശാന്തന്‍. ചിത്രരചനയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്നതുകൊണ്ടുതന്നെ ആ വാക്കുകള്‍ കേള്‍ക്കാന്‍ യുവതലമുറ കാതോര്‍ത്തു. പണി തീരാത്ത വീടും വരച്ചുതീര്‍ക്കാന്‍ നിരവധി കാന്‍വാസുകളും ബാക്കിവച്ചാണ് ശാന്തനായി അശാന്തന്‍ ലോകത്തോട് വിടപറഞ്ഞത്.
Next Story

RELATED STORIES

Share it