thrissur local

വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഭിക്ഷാടനം നിരോധിച്ചു

പുതുക്കാട്: വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഭിക്ഷാടനം നിരോധിച്ചു. പഞ്ചായത്ത് കമ്മിറ്റിയാണ് ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഭിക്ഷാടനം കര്‍ശനമായി നിരോധിക്കുന്നതിനായി അടുത്തയാഴ്ച സര്‍വ്വകക്ഷിയോഗം ചേരാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ബ്ലാക്ക്മാന്‍ എന്ന പേരില്‍ അജ്ഞാത മനുഷ്യനെ കണ്ടതായി അഭ്യൂഹം പരക്കുകയും, ഇതേ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കപ്പെടുകയും ചെയ്തിരുന്നു. ബ്ലാക്ക്മാന്റെ മറവില്‍ കഞ്ചാവ് ലോബികളും, സാമൂഹ്യവിരുദ്ധരും വിലസുന്നതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളില്‍ ഭീതി പരന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ പേരിലുമാണ് പഞ്ചായത്തില്‍ ഭിക്ഷാടനം നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പോലിസും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടന പ്രതിനിധികളും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കും. ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യവുമായി സിപിഐ, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ എന്നിവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടയില്‍ സമൂഹമാധ്യമങ്ങളിലൂടെ പഞ്ചായത്തില്‍ ഭിക്ഷാടകരെ അകറ്റി നിര്‍ത്താനുള്ള സന്ദേശങ്ങളും വ്യാപകമായിരുന്നു.
Next Story

RELATED STORIES

Share it