വരനും വധുവും റഷ്യയില്‍ നിന്ന്; മിന്നുകെട്ട് ഇടയിലെക്കാട് ദ്വീപില്‍

തൃക്കരിപ്പൂര്‍: റഷ്യന്‍ പൗരന്മാരായ യുവമിഥുനങ്ങള്‍ക്ക് വൈഷ്ണവ വിധിപ്രകാരം ഇടയിലെക്കാട്ട് കല്യാണം. റഷ്യയില്‍ നിന്നുള്ള ജൂലിയയും സുയാസ് കോളുമാണ് വലിയപറമ്പ പഞ്ചായത്തിലെ ഇടയിലെക്കാട് ദ്വീപില്‍ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കതിര്‍മണ്ഡപത്തില്‍ നാട്ടുകാരുടെയും വിദേശികളുടെയും സാന്നിധ്യത്തില്‍ മിന്നുകെട്ടിയത്.
സുയാസ് കോളിന്റെ ബിസിനസ് പങ്കാളിയാണ് ജൂലിയ. നിറപറയും തെങ്ങിന്‍ പൂക്കുലയും പഴങ്ങളും മുല്ലപ്പൂവും അഗ്‌നികുണ്ഡവും ഒരുക്കിയ കല്യാണമണ്ഡപത്തില്‍ പൂജാരി ചൊല്ലികൊടുത്ത വേദമന്ത്രങ്ങള്‍ ഇരുവരും ഏറ്റുചൊല്ലിയപ്പോള്‍ കാഴ്ചക്കാര്‍ക്കു നവ്യാനുഭവമായി. ഒന്നര മണിക്കൂര്‍ നീണ്ട പൂജയ്‌ക്കൊടുവിലാണ് താലിചാര്‍ത്തി അഗ്നിയെ മൂന്നുതവണ വലംവച്ച് ചടങ്ങ് അവസാനിച്ചത്. ചടങ്ങിനു ശേഷം മണ്ഡപത്തില്‍ ഇരുന്ന വധുവരന്‍മാരെ നാട്ടുകാര്‍ അരിയും പൂവും നെറുകയില്‍ വിതറി അനുഗ്രഹിച്ചു. ഇതു കണ്ടുനിന്ന ഇരുപതോളം വിദേശികളും അനുകരിച്ചു. റിസോര്‍ട്ട് ഉടമയുടെ സഹായത്തോടെ കല്യാണത്തിനു ക്ഷണിച്ച നാട്ടുകാര്‍ക്ക് മധുരവും സദ്യയും നല്‍കി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ജ്യോതിഷത്തില്‍ പഠനവും ഗവേഷണവും നടത്തുകയാണ് ജൂലിയ. ഗവേഷണത്തിനിടെ വൃന്ദാവനത്തില്‍ വച്ചു പരിചയപ്പെട്ട സ്വാമിയില്‍ നിന്നാണ് വൈഷ്ണവ വിധിപ്രകാരമുള്ള വിവാഹത്തെക്കുറിച്ച് അറിഞ്ഞത്. ആചാരത്തെക്കുറിച്ചു പഠിച്ച ശേഷമാണ് ഈ രീതിയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചതും. സ്ഥലവും സമയവും കണ്ടെത്തിയതും ജൂലിയ തന്നെ. റഷ്യയിലും യൂറോപ്പിലും നക്ഷത്രക്കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ വിപണനം നടത്തുകയാണ് സുയാസ് കോള്‍. മൂന്നാം തവണയാണ് ജൂലിയ ഇന്ത്യയിലെത്തുന്നത്, സുയാസ് ആദ്യവും.
Next Story

RELATED STORIES

Share it