Pathanamthitta local

വരട്ടാറിലൂടെ വെള്ളത്തിന് വഴികാട്ടാന്‍ യന്ത്രക്കൈകള്‍ ഇറങ്ങി



തിരുവല്ല: കോയിപ്രം ചപ്പാത്തിന് സമീപം ആദി പമ്പയില്‍ വരട്ടാറിലൂടെ വെള്ളത്തിന് വഴികാട്ടാന്‍ യന്ത്രക്കൈകള്‍ ഇറങ്ങി. യന്ത്രക്കൈകളിലേക്ക് പമ്പയില്‍ നിന്നുള്ള ഒരു കുടം വെള്ളം ഒഴിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈകീട്ടോടെ 700 മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കി വഴി തെളിച്ച് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജോലികള്‍ക്ക് നേതൃത്വം നല്‍കാന്‍ കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  മോന്‍സി കിഴക്കേടത്ത്, ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ രാജീവ്,  തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ കെ ആര്‍ പ്രസന്നകുമാര്‍, പി ആര്‍ പ്രദീപ്, ദേവിപ്രസാദ്, ഇറിഗേഷന്‍ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനകീയ മുന്നേറ്റത്തിലൂടെയാണ് വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നത്. ഇതിനായി സാമൂഹിക മാധ്യമങ്ങളുടെ ഉള്‍പ്പെടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. മന്ത്രി മാത്യു ടി തോമസ് ഒരു ദിവസത്തെ പ്രവൃത്തികള്‍ക്ക് ആവശ്യമായ തുക സംഭാവനയായി നല്‍കിയിരുന്നു. തുടര്‍ന്ന് കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  മോന്‍സി കിഴക്കേടത്തും സംഭാവനയുമായി മുന്നോട്ട് വന്നു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്  ഭരണസമിതിയും ഓതറ പള്ളിയോടം വാട്‌സ് ആപ് കൂട്ടായ്മയും ഒരു ദിവസത്തെ ജോലികള്‍ക്കാവശ്യമായ തുക സംഭാവനയായി നല്‍കും. എംഎല്‍എമാരും പദ്ധതിയ്ക്ക് വ്യക്തിപരമായി ധനസഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളംകുടി മുട്ടിയ ഒരു ജനതയുടെ ആശയും അഭിലാഷവും പൂവണിയാന്‍ ഇനി ഏറെ കാത്തിരിക്കേണ്ടി       വരില്ലെന്നാണ് ഇന്നലത്തെ പ്രവൃത്തികളുടെ തുടക്കം കൊണ്ട് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it