Pathanamthitta local

വരട്ടാറിന്റേത് മനുഷ്യനിര്‍മിത ദുരന്തം : മന്ത്രി തോമസ് ഐസക്



തിരുവല്ല: വരട്ടാറിന്റെ ഇന്നത്തെ ശോചനീയ സ്ഥിതി മനുഷ്യനിര്‍മിത ദുരന്തമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കിഴക്കന്‍ ഓതറയില്‍ വരട്ടാര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാഹചര്യത്തില്‍ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് സമഗ്ര പദ്ധതി ഉടന്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഇത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി മാത്യു ടി തോമസുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് പഠനം ആരംഭിച്ചിട്ടുണ്ട്. നദിയിലെ നീരൊഴുക്ക് സ്ഥായിയാക്കുന്നതിന്റെ ഭാഗമായി വൃഷ്ടി പ്രദേശത്ത് നീര്‍ത്തട ആസൂത്രണം നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതി ഇതിനായി ഉപയോഗപ്പെടുത്തും. വരട്ടാറിലെ കൈയേറ്റങ്ങളെല്ലാം കണ്ടെത്തി ഒഴിപ്പിക്കും. നദിയുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തിയിരിക്കുന്ന ചപ്പാത്തുകള്‍ പൊളിച്ചു മാറ്റുകയും പകരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. പമ്പാ ആക്ഷന്‍ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വരട്ടാര്‍ പുനരുജ്ജീവനം നടപ്പാക്കുക. അതിനാല്‍ പദ്ധതിക്ക് പണം പ്രശ്‌നമാവില്ല. ജലസംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യക്ത കേരളീയര്‍ക്ക് ബോധ്യമായിട്ടുണ്ട്. ജലവിഭവ വകുപ്പായിരിക്കും വരട്ടാര്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട പ്രധാന വകുപ്പ്. ഇതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും മണ്ണ് സംരക്ഷണം ഉള്‍പ്പെടെ മറ്റ് എല്ലാ വകുപ്പുകളും സമയബന്ധിതമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കന്‍ ഓതറയിലെ പുതുക്കുളങ്ങര ചപ്പാത്ത്, പടനിലം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വരട്ടാറിന്റെ ഇപ്പോഴത്തെ അവസ്ഥ മന്ത്രി വിലയിരുത്തി. ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ രാജീവും തദ്ദേശവാസികളും വരട്ടാറിന്റെ സ്ഥിതി മന്ത്രിക്കു വിവരിച്ചു നല്‍കി.  വീണാജോര്‍ജ് എംഎല്‍എ, ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി എന്‍ സീമ, സിപിഎം സംസ്ഥാന സമിതിയംഗം കെ അനന്തഗോപന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it