Alappuzha local

വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന് 29ന് തുടക്കം; ധനമന്ത്രി ഉദ്ഘാടനം ചെയ്യും



ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയൊഴുകിയിരുന്നതും നീരൊഴുക്കു നിലച്ച് നാശോന്മുഖവുമായ വരട്ടാറിനെ പുനരൂജ്ജീവിപ്പിക്കാന്‍ ഹരിതകേരളം മിഷന്‍ പദ്ധതിയൊരുക്കും. മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 29ന് വരട്ടാറിലൂടെ നടന്ന് പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ആധ്യക്ഷ്യം വഹിക്കും. കേരളം ഈ വര്‍ഷം നേരിട്ട കടുത്ത വരള്‍ച്ച ബോധ്യപ്പെടുത്തുന്നത് സംസ്ഥാനത്തെ മുഴുവന്‍ ജലസ്രോതസ്സുകളെയും പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് ധനമന്ത്രി  പറഞ്ഞു. രണ്ടു നദീതടങ്ങളെ ബന്ധിപ്പിക്കുന്ന പ്രകൃതിദത്തമായ ജലാശയം ഇപ്പോള്‍ കാടു പടര്‍ന്നും കയ്യേറ്റം മൂലവും മരിച്ചുകൊണ്ടിരിക്കുകയാണ്. കൈയേറ്റങ്ങളൊഴിപ്പിച്ച് വരട്ടാറിനെ സ്വാഭാവിക നീരൊഴുക്കുള്ള നദിയാക്കി മാറ്റാന്‍ ജനങ്ങള്‍ ഒത്തുചേരണമെന്ന് റവന്യൂ മന്ത്രി  പറഞ്ഞു. ചെങ്ങന്നൂര്‍, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍കൂടി ഒഴുകുന്ന വരട്ടാര്‍ പമ്പയാറ്റിലെ അധികജലം വഴിമാറ്റി മണിമലയാറ്റിലെത്തിക്കുന്ന സ്വാഭാവിക നദിയാണ്. 509 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്കും 2000 ഹെക്ടര്‍ മറ്റു കൃഷികള്‍ക്കും ജലസേചനം നല്‍കിയിരുന്ന സ്വാഭാവിക ജലാശായമായിരുന്നു ഇത്. 311 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ഈ നദി പലയിടങ്ങളിലും അനധികൃത കയ്യേറ്റങ്ങളാല്‍ 13 മീറ്ററില്‍ താഴെ വീതിയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അശാസ്ത്രീയ നിര്‍മിതികളും അനധികൃത കൈയേറ്റങ്ങളും ഒഴിവാക്കി വരട്ടാറിനെ പഴയതുപോലെയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികളാവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. എംഎല്‍എമാരായ കെ കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ഹരിതകേരളം വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, ഹരിതകേരളം സാങ്കേതിക ഉപദേഷ്ടാവ് അജയകുമാര്‍ വര്‍മ, ആലപ്പുഴ ജില്ലാ കലക്ടര്‍ വീണാ മാധവന്‍, തിരുവല്ല സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്തംഗം എസ് വി സുബിന്‍, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, തദ്ദേശ ജനപ്രതിനിധികള്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it